തബ് ലീഗ് : മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നു ; സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം

തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്
തബ് ലീഗ് : മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നു ; സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം

ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ച തീവണ്ടികളിലെ മറ്റ് യാത്രക്കാരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി. ഹസറത്ത് നിസാമുദ്ദീനില്‍ നിന്ന് യാത്ര തിരിച്ച മൂന്ന് തീവണ്ടികളിലെ യാത്രക്കാരെ കണ്ടെത്താനാണ് നടപടി തുടങ്ങിയത്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെടെ ഇരുപത് ഇടങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. മാര്‍ച്ച് 14നും 19നുമിടയില്‍ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേക്കുള്ള തുരന്തോ എക്‌സ്പ്രസ്, ചെന്നൈയിലേക്കുള്ള ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസ്, ചെന്നൈയിലേക്ക് തന്നെയുള്ള തമിഴ്‌നാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. 

സമ്മേളനത്തില്‍ പങ്കെടുക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്ത രണ്ടു പേര്‍ മാര്‍ച്ച് 18ന് തുരന്തോ എക്‌സ്പ്രസില്‍ എസ്8 കോച്ചില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട്. ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസില്‍ എസ്3 കോച്ചില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ രണ്ട് കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്തു. തമിഴ്‌നാട് എക്‌സ്പ്രസിലും രണ്ടു പേര്‍ യാത്ര ചെയ്തിട്ടുണ്ട്.

മാര്‍ച്ച് 14നും 19 നുമിടയിലുള്ള ഈ മൂന്ന് ട്രെയിനുകളിലേയും എല്ലാ യാത്രക്കാരുടേയും വിവരങ്ങള്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് 270 ഓളം പേര്‍ പങ്കെടുത്തിട്ടുണ്ട്. ഇതില്‍ 170 പേര്‍ മടങ്ങി എത്തിയിട്ടില്ല. തിരിച്ചെത്തിയ നൂറ് പേരില്‍ എഴുപതോളം പേരുടെ വിവരം പൊലീസിനും ആരോഗ്യവകുപ്പിനും ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com