കടുംപിടിത്തം വിടാതെ കര്‍ണാടക; ഹൈക്കോടതി വിധിക്കെതിരെ  സുപ്രീം കോടതിയിലേക്ക്

ഒരു വിട്ടുവീഴ്ചയ്ക്കുമില്ല; ഹൈക്കോടതി വിധിക്കെതിരെ കർണാടക സുപ്രീം കോടതിയിലേക്ക്
കടുംപിടിത്തം വിടാതെ കര്‍ണാടക; ഹൈക്കോടതി വിധിക്കെതിരെ  സുപ്രീം കോടതിയിലേക്ക്

ബം​ഗളൂരു: കാസര്‍കോട്ടെ കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയെ സമീപിക്കും. ഇന്നു തന്നെ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തും ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും വ്യക്തമാക്കി കര്‍ണാടക ഹര്‍ജി ഫയല്‍ ചെയ്യും. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാണ്. അതു പ്രകാരമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് കര്‍ണാടക സുപ്രീം കോടതിയില്‍ വ്യക്തമാക്കും.

കാസര്‍കോട്ടു നിന്ന് കര്‍ണാടകത്തിലേക്കുള്ള ദേശീയ പാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി ചൊവ്വാഴ്ച ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. രോഗികളുമായി പോകുന്ന വാഹനങ്ങള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി തടയാന്‍ കഴിയില്ല. കേന്ദ്രം ഇടപെട്ട് പാത അടച്ച നടപടി പിന്‍വലിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

അതിനിടെ, കര്‍ണാടക അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍ ട്വീറ്റ് ചെയ്തു. 'സേവ് കര്‍ണാടക ഫ്രം പിണറായി' എന്ന ഹാഷ്ടാഗിലായിരുന്നു കട്ടീലിന്റെ ട്വീറ്റ്. കാസര്‍കോട് ജില്ലയിലെ കോവിഡ് 19 പോസിറ്റീവ് കേസുകളേക്കാള്‍ കുറവാണ് കര്‍ണാടകത്തിലെ പോസിറ്റീവ് കേസുകളെന്നും ഇത്തരമൊരു സന്ദര്‍ഭത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും ട്വീറ്റില്‍ പറയുന്നു.

വിദ്യാഭ്യാസ, ആരോഗ്യ വിഷയങ്ങളില്‍ കാസര്‍കോട്ടെ ജനങ്ങളെ എപ്പോഴും കര്‍ണാടകം പരിഗണിച്ചിട്ടുണ്ട്. അതിനിടയില്‍ പിണറായി വിജയന്‍ രാഷ്ട്രീയം കളിക്കരുത്. കാസര്‍കോട്ടെ ജനങ്ങള്‍ക്കാവശ്യമായ സൗകര്യം അവിടെത്തന്നെ ഒരുക്കി നല്‍കാന്‍ പിണറായി വിജയന്‍ തയ്യാറാവണമെന്നും കട്ടീല്‍ ട്വീറ്റില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com