പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം നാളെ രാവിലെ ഒന്‍പത് മണിക്ക്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ ജനങ്ങള്‍ക്കായി സന്ദേശം നല്‍കും.
പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം നാളെ രാവിലെ ഒന്‍പത് മണിക്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ ജനങ്ങള്‍ക്കായി സന്ദേശം നല്‍കും. വിഡിയോ സന്ദേശം പങ്കുവെക്കുമെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു. രാവിലെ ഒന്‍പത് മണിക്കാണ് സന്ദേശം പങ്കുവെക്കുക.

21 ദിവസത്തെ ലോക്ക്ഡൗണില്‍ നിന്ന് ഫലപ്രദമായ രീതിയില്‍ പുറത്തിറങ്ങുന്നതിന്പൊതുവായ മാര്‍ഗത്തിന് രൂപം നല്‍കാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഈ ആവശ്യം മുന്നോട്ടുവെച്ചത്.

സാമൂഹിക അകലം പാലിച്ചു കൊണ്ട് എങ്ങനെ ലോക്ക്ഡൗണ്‍ പിന്‍വലിക്കാം എന്നതിനെ കുറിച്ച് മോദി സംസ്ഥാനങ്ങളോട് നിര്‍ദേശം തേടി. കോവിഡിന്റെ വ്യാപനം തടയുന്നതില്‍ കുറെയൊക്കെ വിജയം നേടിയതായും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മരണനിരക്ക് പരമാവധി കുറയ്ക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

വരുന്ന ആഴ്ചകളില്‍ കോവിഡ് പരിശോധനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഐസൊലേഷന്‍, ക്വാറന്റൈന്‍, ട്രേസിങ് ഉള്‍പ്പെടെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. കോവിഡ് ചികിത്സയ്ക്ക് മാത്രമായി പ്രത്യേക ആശുപത്രികള്‍ സജ്ജമാക്കിയെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

അവശ്യമരുന്നുകളുടെ ലഭ്യതയില്‍ കുറവ് വരരുത്.മരുന്ന് നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തണം. ദരിദ്രജനവിഭാഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നുണ്ട് എന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ഗൗരവം ആഭ്യന്തരമന്ത്രി അമിത് ഷാ വിവരിച്ചു. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ തലത്തില്‍ ഫലപ്രദമായി നടപ്പാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com