'ലോക്ക്ഡൗണ്‍ ഏപ്രില്‍ 15 ന് അവസാനിക്കും'; ട്വീറ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി 

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 15 ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായുളള ട്വീറ്റ് പിന്‍വലിച്ച് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു
'ലോക്ക്ഡൗണ്‍ ഏപ്രില്‍ 15 ന് അവസാനിക്കും'; ട്വീറ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 15 ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായുളള ട്വീറ്റ് പിന്‍വലിച്ച് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു. രാജ്യത്ത് പടര്‍ന്നുപിടിച്ച കോവിഡ് രോഗബാധയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മോദി ഇക്കാര്യം പറഞ്ഞുവെന്നാണ് ട്വീറ്റില്‍ പറയുന്നത്. ഹിന്ദിഭാഷ കൈകാര്യം ചെയ്യാന്‍ അറിയാത്ത ഉദ്യോഗസ്ഥന്‍ ട്വീറ്റ് അപ്‌ലോഡ് ചെയ്തപ്പോള്‍ സംഭവിച്ച തെറ്റാണിതെന്ന് കാണിച്ച് പെമ ഖണ്ഡു തന്നെയാണ് ട്വിറ്ററിലൂടെ വിശദീകരണം നല്‍കിയത്.

'ഏപ്രില്‍ 15ന് ലോക്ക്ഡൗണ്‍ അവസാനിക്കും. തെരുവില്‍ സ്വതന്ത്രമായി ഇറങ്ങാമെന്ന് ഇത് കൊണ്ട് അര്‍ത്ഥമില്ല. നിയന്ത്രണങ്ങള്‍ തുടരാന്‍ നാം എല്ലാവരും ബാധ്യസ്ഥരാണ്. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും മാത്രമാണ് പോംവഴി'- ഇക്കാര്യങ്ങളെല്ലാം യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു എന്ന് അവകാശപ്പെടുന്നതായിരുന്നു വിവാദ ട്വീറ്റ്. ഇത് ചര്‍ച്ചയായതോടെയാണ് ട്വീറ്റ് നീക്കം ചെയ്ത് വിശദീകരണവുമായി പെമ ഖണ്ഡു രംഗത്തുവന്നത്.

21 ദിവസത്തെ ലോക്ക്ഡൗണ്‍ വെറുതെയാകില്ല. ലോക്ക്ഡൗണിന് ശേഷവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം. മാസ്‌ക്, ശുചിത്വം, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം. ജീവന്‍ നിലനിര്‍്ത്താന്‍ ഇവ തുടരേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞതായി പെമ ഖണ്ഡു ട്വിറ്ററില്‍ കുറിച്ചു.

പാക്കേജുകള്‍ തുടര്‍ച്ചയായി പ്രഖ്യാപിക്കാവുന്ന സാഹചര്യമല്ല നിലനില്‍ക്കുന്നത്. പ്രായോഗികമായി ചിന്തിക്കേണ്ട സമയമാണ്. ചിലപ്പോള്‍ കൊറോണയ്ക്ക് എതിരെയുളള പോരാട്ടം നീണ്ടുപോകാം. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ല.  കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തില്‍ എല്ലാവരും പങ്കുചേരണം. ഇത് ആരോഗ്യപ്രവര്‍ത്തകരിലും പൊലീസുകാരിലും മാത്രം ഒതുങ്ങേണ്ടതല്ലെന്നും മോദി പറഞ്ഞതായി പെമ ഖണ്ഡു ട്വിറ്ററില്‍ കുറിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് ലോക്ക്ഡൗണ്‍ നീട്ടാന്‍ പോകുന്നു എന്ന വാര്‍ത്തകളില്‍ കേന്ദ്ര സര്‍ക്കാര്‍ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. അന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com