സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ ഏപ്രില്‍ 22ന് പുനരാരംഭിക്കും?; വസ്തുത ഇങ്ങനെ

സിബിഎസ്ഇ പരീക്ഷകള്‍ ഏപ്രില്‍ 22 ന് പുനരാരംഭിക്കുമെന്ന് വ്യാജ പ്രചാരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷകള്‍ ഏപ്രില്‍ 22 ന് പുനരാരംഭിക്കുമെന്ന് വ്യാജ പ്രചാരണം. കോവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ഉയര്‍ന്ന ക്ലാസുകളിലെ ചില പരീക്ഷകള്‍ നീട്ടിവെയ്ക്കുകയും താഴ്ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാന കയറ്റം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷകള്‍ ഏപ്രില്‍ 22 ന് പുനരാരംഭിക്കുമെന്ന് കാണിച്ച് സിബിഎസ്ഇയുടെ ലെറ്റര്‍ ഹെഡില്‍ വ്യാജ പ്രചാരണം ആരംഭിച്ചത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുളള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് 19- ഫാക്ട് ചെക്ക് യൂണിറ്റ് ഇത് തെറ്റാണെന്ന് ട്വീറ്റ് ചെയ്തു.

അവശേഷിക്കുന്ന പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ ഏപ്രില്‍ 22ന് പുനരാരംഭിക്കുമെന്നാണ് വ്യാജ പ്രചാരണം. പരീക്ഷയുടെ പുതുക്കിയ തീയതികള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഏപ്രില്‍ മൂന്നിന് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്നും കാണിച്ചുളള വ്യാജ പത്രക്കുറിപ്പാണ് സിബിഎസ്ഇയുടെ പേരില്‍ പ്രചരിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹി പ്രവിശ്യയിലും ഇന്ത്യയൊട്ടാകെയും വിദേശത്തും നീട്ടിവെച്ച പരീക്ഷകളാണ് പുതുക്കി നിശ്ചയിക്കുക. ഏപ്രില്‍ 25 മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കുമെന്നും വ്യാപകമായി പ്രചരിച്ച വ്യാജ പത്രക്കുറിപ്പില്‍ പറയുന്നു. ഇതുസംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുളള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് 19- ഫാക്ട് ചെക്ക് യൂണിറ്റ് ഇത് തെറ്റാണെന്ന്് ട്വീറ്റ് ചെയ്തത്. ഇത് സിബിഎസ്ഇ പുറത്തിറക്കിയതല്ലെന്നും പരീക്ഷാ തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും ഫാക്ട് ചെക്കിന്റെ ട്വീറ്റില്‍ പറയുന്നു. വ്യാജ പത്രക്കുറിപ്പ് സഹിതമാണ് ഫാക്ട് ചെക്കിന്റെ വിശദീകരണം. ഇതിന് പുറമേ പത്രക്കുറിപ്പില്‍ സെക്രട്ടറിയുടെ ഒപ്പില്ല എന്നതും ഇത് വ്യാജമാണെന്നതിനുളള തെളിവാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുമെന്നതാണ് സിബിഎസ്ഇയുടെ ഉത്തരവ്.  ഒന്‍പതാം ക്ലാസിലെയും പ്ലസ് വണിലെയും വിദ്യാര്‍ത്ഥികളെ പ്രോജക്ട് വര്‍ക്കിന്റെയും ടേം പരീക്ഷകളുടെയും അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കുമെന്നും സിബിഎസ്ഇ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. അവശേഷിക്കുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി പുതുക്കിയ തീയതി അറിയിക്കുമെന്നാണ് സിബിഎസ്ഇ അന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com