രാജ്യത്തെ 30 ശതമാനം ജില്ലകളിലും വൈറസ് ബാധയെത്തി ; 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത് 601 പേര്‍ക്ക്; മരണം 68 ആയി ; കനത്ത ജാഗ്രത

ഇന്ത്യയിലെ ആകെയുള്ള 720 ജില്ലകളില്‍ 211 ജില്ലകളിലും കോവിഡിന് കാരണമായ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്
രാജ്യത്തെ 30 ശതമാനം ജില്ലകളിലും വൈറസ് ബാധയെത്തി ; 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത് 601 പേര്‍ക്ക്; മരണം 68 ആയി ; കനത്ത ജാഗ്രത

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിച്ച് ഇന്ന് ഏഴുപേര്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊറോണ മരണം 68 ആയി. മഹാരാഷ്ട്രയില്‍ മൂന്നുപേരും ഡല്‍ഹിയില്‍ രണ്ടുപേരും ഗുജറാത്തിലും തമിഴ്‌നാട്ടിലും ഓരോരുത്തരുമാണ് ഇന്ന് മരിച്ചത്. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് 51 കാരന്‍ മരിച്ചത്. ഇയാള്‍ നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം മഹാരാഷ്ട്രയിലാണ്. 19 പേരാണ് ഇതുവരെ മരിച്ചത്. ഗുജറാത്തില്‍ 9 പേരും, തെലങ്കാനയില്‍ 7 പേരും മരിച്ചു. മധ്യപ്രദേശില്‍ അഞ്ച്, കര്‍ണാടക മൂന്ന്, പശ്ചിമബംഗാള്‍ മൂന്ന്, ജമ്മുകശ്മീര്‍, ഉത്തര്‍പ്രദേശ്, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ രണഅട് പേര്‍ വീതവും കൊറോണ ബാധിച്ച്് മരിച്ചു. 

മഹാരാഷ്ട്ര, ഡല്‍ഹി. ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2902 ആയതായി ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ രോഗബാധിതരുടെ എണ്ണം 3000 കടന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. 

24 മണിക്കൂറിനിടെ 601 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 12 മണിക്കൂറിനിടെ 355 പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 47 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 537 ആയി. രാജ്യത്ത്് ഒരു സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 500 കടക്കുന്നത് ഇതാദ്യമാണ്. 

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 167 പേര്‍ക്ക് രോഗം കണ്ടെത്തി. ആകെ 386 പേരായി ഇതോടെ രാജ്യതലസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം. ഇതില്‍ 250 ഓളം പേരും നിസാമുദ്ദീനില്‍ നടന്ന മതപരിപാടിയില്‍ പങ്കെടുത്തവരാണ്. നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത 14 ഓളം സംസ്ഥാനങ്ങളിലെ 650 ഓളം പേര്‍ക്ക് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഇന്ത്യയിലെ 30% ജില്ലകളിലും രോഗഹേതുവായ കൊറോണ വൈറസ് എത്തിയെന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകള്‍. ആകെയുള്ള 720 ജില്ലകളില്‍ 211 ജില്ലകളിലും കോവിഡിന് കാരണമായ സാര്‍സ് കോവ് 2 വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളിലെ 60% ജില്ലകളിലും കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. എന്നാല്‍ ഈ കണക്കുകളിലുള്ളതിനേക്കാള്‍ കൂടുതല്‍ ജില്ലകളിലേക്ക് വൈറസ് വ്യാപിച്ചിട്ടുണ്ടെന്നാണ് നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com