കോവിഡിനെതിരായ യുദ്ധത്തില്‍ രാജ്യം ഒറ്റക്കെട്ട് ; ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി

വൈറസ് പ്രതിരോധത്തിനായി തുണികൊണ്ടുള്ള മുഖാവരണം എല്ലാവരും അണിയണമെന്ന് പ്രധാനമന്ത്രി
കോവിഡിനെതിരായ യുദ്ധത്തില്‍ രാജ്യം ഒറ്റക്കെട്ട് ; ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡിനെതിരായ പ്രതിരോധ നടപടിയില്‍ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ കൊവിഡിനെതിരെ സമഗ്രവും സമയോചിതവുമായാണ് നടപടി എടുത്തത്.  ഇന്ത്യ തീരുമാനമെടുത്തതില്‍ കാണിച്ച വേഗതയെ ലോകം അഭിനന്ദിക്കുന്നു. ഇന്ത്യയെടുത്ത തീരുമാനങ്ങളെ ലോകം അംഗീകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ നാല്‍പതാം വാര്‍ഷികത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.

വൈറസിനെതിരെയുള്ള പോരാട്ടം ഒരു യുദ്ധം തന്നെയാണ്. കോവിഡിനെതിരെ നീണ്ട യുദ്ധം വേണ്ടിവരും. യുദ്ധത്തിനിടെ തളരാനോ വീഴാനോ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിനോട് ഇന്ത്യയിലെ ജനങ്ങള്‍ അസാധാരണ ക്ഷമയും സഹകരണം കാട്ടി. ഐക്യദീപം തെളിയിക്കുന്നതില്‍ രാജ്യം ഒറ്റക്കെട്ടായി സഹകരിച്ചു. വൈറസ് പ്രതിരോധത്തിനായി തുണികൊണ്ടുള്ള മുഖാവരണം എല്ലാവരും അണിയണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ബിജെപി പ്രവര്‍ത്തകരോട്  പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് റേഷനെത്തിക്കാന്‍ മുന്‍കൈയെടുക്കണം. പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ഉറപ്പാക്കണം. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിനായി ആരോഗ്യ സേതു മൊബൈല്‍ ആപ്പിന് പ്രചാരണം നല്‍കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com