'ജഡ്ജിക്ക് കൊറോണ ബാധിക്കട്ടെ'- അനുകൂല ഉത്തരവ് ലഭിക്കാത്തതിന് വക്കീലിന്റെ ശാപം!

'ജഡ്ജിക്ക് കൊറോണ ബാധിക്കട്ടെ'- അനുകൂല ഉത്തരവ് ലഭിക്കാത്തതിന് വക്കീലിന്റെ ശാപം!
'ജഡ്ജിക്ക് കൊറോണ ബാധിക്കട്ടെ'- അനുകൂല ഉത്തരവ് ലഭിക്കാത്തതിന് വക്കീലിന്റെ ശാപം!

കൊല്‍ക്കത്ത: അനുകൂലമായ ഉത്തരവ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജഡ്ജിക്ക് കൊറോണ ബാധിക്കട്ടെ എന്ന് അഭിഭാഷകന്റെ ശാപം! കൊല്‍ക്കത്ത ഹൈക്കോടതിയിലാണ് സംഭവം. ഇതേ തുടര്‍ന്ന് കോടതിയെ അവഹേളിച്ചതിന് അഭിഭാഷകനെതിരെ നടപടിക്ക് ജഡ്ജി ശുപാര്‍ശ ചെയ്തു.

വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിന് ഒരു ദേശസാത്കൃത ബാങ്ക് തന്റെ കക്ഷിയുടെ ബസ് ലേലം ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ ബിജോയ് അധികാരി കോടതിയെ സമീപിച്ചത്. ജനുവരി 15നാണ് ബാങ്ക് ബസ് പിടിച്ചെടുത്തതെന്ന് ചൂണ്ടിക്കാട്ടി കോടതി അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് ജഡ്ജി ദീപാങ്കർ ദത്ത ഉത്തരവ് പുറപ്പെടുവിക്കാന്‍ തുടങ്ങിയപ്പോള്‍, പ്രകോപിതനായ അധികാരി അദ്ദേഹത്തെ തടസപ്പെടുത്താന്‍ ശ്രമിച്ചു.  

'മാന്യമായി പെരുമാറാന്‍ അധികാരിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത്തരം മുന്നറിയിപ്പിന് ചെവി കൊടുക്കുന്നതിനു പകരം, എന്റെ ഭാവി നശിപ്പിക്കുമെന്നാണ് പറഞ്ഞത്. എനിക്ക് കൊറോണ ബാധിക്കട്ടെ എന്ന് അദ്ദേഹം ശപിച്ചു.'- ജസ്റ്റിസ് ദത്ത ഉത്തരവില്‍ പറയുന്നു.

കോടതിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെട്ടതിനും മാന്യമായി പെരുമാറാത്തതിനും അഭിഭാഷകന്‍ ബിജോയ് അധികാരിയെ ജസ്റ്റിസ് ദീപങ്കര്‍ ദത്ത ശകാരിച്ചു. വേനല്‍ക്കാല അവധിക്കു ശേഷം കോടതി വീണ്ടും തുറക്കുമ്പോള്‍ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം കേള്‍ക്കണമെന്നും ജസ്റ്റിസ് ദത്ത നിര്‍ദ്ദേശിച്ചു.
 
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മാര്‍ച്ച് 15 മുതല്‍ കൊല്‍ക്കത്ത ഹൈക്കോടതി വളരെ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമാണ് പരിഗണിക്കുന്നത്. മാര്‍ച്ച് 25 മുതല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മാത്രമാണ് വാദം കേള്‍ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com