ധാരാവിയില്‍ കോവിഡ് ബാധിതനൊപ്പം താമസിച്ച പത്തുമലയാളികളെ തിരിച്ചറിഞ്ഞു; തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെന്ന് മുംബൈ പൊലീസ്

ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന മലയാളികളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ:ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന മലയാളികളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്. ധാരാവിയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന പത്തു മലയാളികളെയാണ് തിരിച്ചറിഞ്ഞതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. അവര്‍ മുംബൈ വിട്ടതായും പൊലീസ് പറയുന്നു.

ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയ ഇവര്‍ ദിവസങ്ങളോളം ധാരാവിയില്‍ താമസിച്ചു. ഇവരെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ് പറഞ്ഞു.

ഏപ്രില്‍ ഒന്നിനാണ് ആദ്യ കോവിഡ് കേസ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പത്ത് മലയാളികള്‍ കോവിഡ് ബാധിതരാണോ അല്ലയോ എന്ന് കേരളത്തിന് മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും മുംബൈ പൊലീസ് പറയുന്നു. 

ധാരാവിയില്‍ ഇന്ന് രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.നേരത്തെ രോഗം സ്ഥിരീകരിച്ച 38 കാരിയുടെ അച്ഛനും സഹോദരനുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7 ആയി. ഇതില്‍ ഒരാള്‍ മരിച്ചു. 

തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് ആസാദ് മൈതാന്‍ പൊലീസ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. മുംബൈയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് സമീപമുളള ചായക്കടക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിയായ മാതോശ്രീ അടച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com