കോവിഡ് പ്രതിരോധത്തിന് എതിരെ പ്രവര്‍ത്തിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; വ്യാജ സന്ദേശങ്ങള്‍ നീക്കം ചെയ്യണം, സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ സാമൂഹ്യ മാധ്യമങ്ങളായ ഫെയ്‌സ്ബുക്കിനും ടിക്ക്‌ടോക്കിനും ഹലോയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
കോവിഡ് പ്രതിരോധത്തിന് എതിരെ പ്രവര്‍ത്തിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; വ്യാജ സന്ദേശങ്ങള്‍ നീക്കം ചെയ്യണം, സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ സാമൂഹ്യ മാധ്യമങ്ങളായ ഫെയ്‌സ്ബുക്കിനും ടിക്ക്‌ടോക്കിനും ഹലോയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. വ്യാജ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കാനും കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയം അറിയിപ്പ് നല്‍കി.

ടിക്ക്‌ടോക്, ഫെയ്‌സ്ബുക്ക്, ഹലോ ആപ്പുകള്‍ വഴി ധാരാളമായി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് നടപടി. ഇത്തരം മെസ്സേജുകള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ഈ പ്രചാരണങ്ങള്‍ കോവിഡ് പ്രതിരോധത്തിന് എതിരായുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. നേരത്തെ സുപ്രീംകോടതിയും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.  

ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ടിക്ക്‌ടോക്ക് തുടങ്ങിയവ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിക്കുമെന്ന് ഫാക്ട് ചെക്കിങ് ഐടി സ്ഥാപനമായ വോയേജര്‍ ഇന്‍ഫോസെക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുവെന്ന്‌ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഷൂട്ട് ചെയ്ത വ്യാജ വീഡിയോകള്‍ ടിക്ക്‌ടോക്കിലും യൂട്യൂബിലും അപ്ലോഡ് ചെയ്യുന്നു. പിന്നീട് ഇത് വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവ വഴി വ്യാപകമായി ഷെയര്‍ ചെയ്യുന്നു. 

അഞ്ച് ദിവസത്തിനുള്ളില്‍ 30,000 വ്യാജ വീഡിയോകള്‍ കണ്ടെത്താന്‍ സാധിച്ചുവെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ വ്യക്തമാക്കുന്നു. ഇതെല്ലാം പ്രൊഷണല്‍ വീഡിയോ എഡിറ്റര്‍മാരുടെ സഹായത്തോടെ സൃഷ്ടിച്ച വീഡിയോകള്‍ ആണെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുകഴിഞ്ഞാല്‍ അപ്ലോഡ് ചൈയ്ത അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നുവെന്നും കോര്‍ഡിനേഷന്‍ സെന്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സര്‍ക്കാരിന്റ നിര്‍ദേശത്തോട് സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യാജ മെസ്സേജുകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ടിക്ക്‌ടോക്ക് വക്താവ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com