'ഇന്ത്യൻ ജനത കുടുംബാം​ഗങ്ങൾ'- ജീവിത സമ്പാദ്യം മുഴുവൻ കോവിഡ് ദുരിതാശ്വാസത്തിന് നൽകി 60കാരി

'ഇന്ത്യൻ ജനത കുടുംബാം​ഗങ്ങൾ'- ജീവിത സമ്പാദ്യം മുഴുവൻ കോവിഡ് ദുരിതാശ്വാസത്തിന് നൽകി 60കാരി
'ഇന്ത്യൻ ജനത കുടുംബാം​ഗങ്ങൾ'- ജീവിത സമ്പാദ്യം മുഴുവൻ കോവിഡ് ദുരിതാശ്വാസത്തിന് നൽകി 60കാരി

ഡെറാഡൂണ്‍: കൊറോണ വൈറസ് ഭീതിക്കിടയിലും നന്മയുടെ മഹത്തായ മാതൃകകൾ തീർക്കുന്നവർ നമുക്കിടയിലുണ്ട്. അത്തരത്തിലൊരു പ്രവർത്തിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജീവിതത്തിലെ തന്റെ സമ്പാദ്യം മുഴുവൻ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിരിക്കുകയാണ് ഒരു 60കാരി. ഉത്തരാഖണ്ഡ് സ്വദേശിനിയാണ് സ്വകാര്യ സമ്പാദ്യമായ പത്ത് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് പ്രചോദനമായത്. 

ദേവകി ഭണ്ഡാരിയെന്ന 60കാരിയാണ് തന്റെ സമ്പാദ്യം മുഴുവന്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയത്. ചമോലി ജില്ലയിലാണ് ദേവകിയുടെ താമസം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ ഭര്‍ത്താവ് മരിക്കുന്നത്. ഇവര്‍ക്ക് കുട്ടികളില്ല.

ബുധനാഴ്ച ഇവര്‍ ചെക്ക് അധികൃതര്‍ക്ക് കൈമാറി. ദേവകി ദാനശീലരായ പുരാണ കഥാപാത്രങ്ങളായ കര്‍ണനെയും രാജ ബലിയെയും ഓര്‍മിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത് പറഞ്ഞു. 

'ഈ ലോകത്ത് തനിച്ചായിരിക്കുമ്പോഴും ദേവകി ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ തന്റെ കുടുംബാം​ഗങ്ങളായാണ് കണ്ടത്. അനുകരണീയമായ ഒരു മാതൃക അവര്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ചു. അവര്‍ ഒരു പ്രചോദനമാണ്. കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് അവരുടെ നിസ്വാര്‍ത്ഥമായ ഈ പ്രവര്‍ത്തി കരുത്തുപകരും'- റാവത്ത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com