തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രം ട്രെയിന്‍ സര്‍വീസ്, സ്ലീപ്പര്‍, തേഡ് എസി കോച്ചില്‍ മാത്രം യാത്ര, ഹോട്ട്‌സ്‌പോട്ടുകളില്‍ സ്‌റ്റോപ്പില്ല..; പരിഗണിക്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ..

രാജ്യത്തെ നാല് മേഖലകളായി തിരിച്ച്, ഒരോന്നിനും പ്രത്യേക ലോക്ക്ഡൗണ്‍ എക്‌സിറ്റ് പദ്ധതികളും ഉദ്യോഗസ്ഥര്‍ തയാറാക്കിയിട്ടുണ്ട്
തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രം ട്രെയിന്‍ സര്‍വീസ്, സ്ലീപ്പര്‍, തേഡ് എസി കോച്ചില്‍ മാത്രം യാത്ര, ഹോട്ട്‌സ്‌പോട്ടുകളില്‍ സ്‌റ്റോപ്പില്ല..; പരിഗണിക്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ..

ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ട്രെയിന്‍ ഗതാഗതം എങ്ങനെ വേണം എന്നതിനെക്കുറിച്ച് ഉന്നതതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോവിഡ് രാജ്യത്ത് വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് ട്രെയിന്‍ ഗതാഗതം പൂര്‍ണതോതില്‍ ആരംഭിക്കുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നത്. ലോക്ക്ഡൗണിനു ശേഷം ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്  ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ് (ഐആര്‍ടിഎസ്) ഉദ്യോഗസ്ഥര്‍ ചില കര്‍മപദ്ധതികള്‍ നീതി ആയോഗിന്റെ പരിഗണനയ്ക്ക് നല്‍കിയിട്ടുണ്ട്. 

കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി അനുസരിച്ച് സംസ്ഥാനങ്ങളെ വിവിധ മേഖലകളാക്കി തിരിക്കണമെന്നും,  അവസാന ഏഴു ദിവസത്തെ രോഗികളുടെ എണ്ണം കണക്കിലെടുത്ത് സര്‍വീസുകള്‍ സംബന്ധിച്ചു തീരുമാനം എടുക്കണമെന്നുമാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം. രോഗ വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് രാജ്യത്തെ നാല് മേഖലകളായി തിരിച്ച്, ഒരോന്നിനും പ്രത്യേക ലോക്ക്ഡൗണ്‍ എക്‌സിറ്റ് പദ്ധതികളും ഉദ്യോഗസ്ഥര്‍ തയാറാക്കിയിട്ടുണ്ട്. ധാരാളം കോവിഡ് കേസുകളുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ എങ്ങനെ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാം എന്നത്  സംബന്ധിച്ച് റെയില്‍വേ ബോര്‍ഡും ചര്‍ച്ചകള്‍ തുടരുകയാണ്. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിവിധ സോണുകളിലെ ജനറല്‍ മാനേജര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങ് നടത്തിയിരുന്നു. ഇതിലും നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.  ഡിവിഷനല്‍ റെയില്‍വേ മാനേജര്‍മാരോടും നിര്‍ദേശങ്ങള്‍ നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലുള്ള സ്ഥിരം സര്‍വീസുകള്‍ ഒഴിവാക്കി തെരഞ്ഞെടുത്ത സെക്ടറുകളില്‍ സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കുക, ഹോട്ട്‌സ്‌പോട്ടുകളായ ജില്ലകളില്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് നല്‍കാതിരിക്കുക, ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഒഴിവാക്കുക, സ്ലീപ്പര്‍, തേഡ് എസി കോച്ചുകളില്‍ മാത്രം യാത്ര അനുവദിക്കുക, യാത്രക്കാര്‍ തമ്മില്‍ അകലം പാലിക്കാനായി മിഡില്‍ ബെര്‍ത്തുകള്‍ ഒഴിച്ചിടുക, യാത്രക്കാര്‍ക്കു മാസ്‌ക് നിര്‍ബന്ധമാക്കുക, 60 വയസ്സിനു മുകളിലുളളവരെ യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കുക, എല്ലാ എന്‍ട്രി പോയിന്റുകളിലും തെര്‍മല്‍ സ്‌ക്രീനിങ് നിര്‍ബന്ധമാക്കുക, ട്രെയിനുകളില്‍ ഭക്ഷണ വിതരണം തല്‍ക്കാലം നിര്‍ത്തലാക്കുക, മുംബൈ, ഡല്‍ഹി, സെക്കന്തരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും 30 വരെ ട്രെയിന്‍ ഓടിക്കാതിരിക്കുക എന്നിവയാണ് ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com