'500 രൂപ നോട്ടുകൾ വിതറി കൊറോണ പരത്താന്‍ ശ്രമം !' ; ഭീതിയില്‍ കോളനിവാസികള്‍

വ്യാഴാഴ്ച രാത്രിയാണ് കോളനിയിലെ വഴിയില്‍ വിതറിയ നിലയില്‍ രണ്ട് 500 രൂപ നോട്ടുകള്‍ കണ്ടെത്തുന്നത്
ഫയൽ ചിത്രം
ഫയൽ ചിത്രം

ലഖ്‌നൗ : രാജ്യത്ത് ആശങ്ക നിറച്ച് കോവിഡ് രോഗബാധ വ്യാപിക്കുകയാണ്. അതിനിടെ റോഡില്‍ കണ്ടെത്തിയ 500 രൂപയുടെ നോട്ടുകള്‍ ലഖ്‌നൗ പേപ്പര്‍ മില്‍ കോളനിവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. റോഡില്‍ നിന്നും കണ്ടെടുത്ത 500 രൂപ നോട്ടുകള്‍ പൊലീസ് പ്രത്യേക സുരക്ഷയോടെ സൂക്ഷിച്ചിരിക്കുകയാണ്. 

വ്യാഴാഴ്ച രാത്രിയാണ് കോളനിയിലെ വഴിയില്‍ വിതറിയ നിലയില്‍ രണ്ട് 500 രൂപ നോട്ടുകള്‍ കണ്ടെത്തുന്നത്. വിവരം അറിഞ്ഞ നാട്ടുകാര്‍ക്കിടയില്‍, കൊറോണ പരത്താന്‍ വിതറിയതാണെന്ന സംശയം ഉയര്‍ന്നുവന്നു. 

ഇതോടെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ വഴി വിവരം പൊലീസിനെ അറിയിച്ചു. വിവരം അറിഞ്ഞ് പ്രദേശത്തെ ഡോക്ടറും സ്ഥലത്തെത്തി. ഡോക്ടറുടെ നിര്‍ദേശപ്രകാരം നോട്ടുകള്‍ പൊലീസ് പ്രത്യേകം സൂക്ഷിച്ചു. 24 മണിക്കൂര്‍ ഈ നോട്ടുകള്‍ പ്രത്യേകം സൂക്ഷിക്കാനാണ് ഡോക്ടര്‍ പൊലീസിന് നല്‍കിയ നിര്‍ദേശം. 

ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന തരത്തില്‍ ഒരു വീഡിയോ വാട്‌സ്ആപ്പുകളിലൂടെ വ്യാഴാഴ്ച രാത്രി പ്രചരിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഡോര്‍ബെല്ലിന്റെ ശബ്ദം കേട്ട് കുട്ടി വാതില്‍തുറക്കുമ്പോള്‍ 500 രൂപ നോട്ട് അകത്തേക്ക് വീഴുന്നു. കുട്ടി ഉടന്‍ തന്നെ അമ്മയോട് വിവരം പറയുന്നു. 

സാനിറ്റൈസര്‍ തളിച്ചശേഷം നോട്ടുകള്‍ അയല്‍വാസിയുടെ ഡോറിന് സമീപത്തേക്ക് തള്ളിവിടുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ കൂടി പ്രചരിച്ചതോടെയാണ്, നോട്ടുകളിലൂടെ കൊറോണ പരത്താനുള്ള ശ്രമമാണെന്ന വിശ്വാസം നാട്ടുകാര്‍ക്കിടയില്‍ ശക്തമായതെന്ന് പൊലീസ് സൂചിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com