രാജ്യത്ത് സമൂഹവ്യാപനം?, ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട്; കോവിഡ് ബാധിച്ച 40% പേര്‍ക്ക് സമ്പര്‍ക്കമില്ല, 36 ജില്ലകള്‍ നിരീക്ഷണത്തില്‍

രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് സമൂഹ വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് സമൂഹ വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് വ്യാപനം നടന്നുവെന്ന് വെളിവാക്കുന്ന പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ അലട്ടുന്ന 40 ശതമാനം പേര്‍ക്ക്‌ സമ്പര്‍ക്കം വഴി കോവിഡ് ഉണ്ടായതിന്റെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍.

ഫെബ്രുവരി 15നും ഏപ്രില്‍ രണ്ടിനും ഇടയില്‍ നടത്തിയ പഠനത്തിലാണ് ഈ നിര്‍ണായക വെളിപ്പെടുത്തല്‍. കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നേരിടുന്ന 5911 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 104 പേരില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതില്‍ 40 പേരുടെ വിവരങ്ങളാണ് ഞെട്ടിക്കുന്നത്. ഇവര്‍ക്ക് വിദേശത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ല. കൂടാതെ കോവിഡ് സ്ഥിരീകരിച്ച ആളുകളുമായി ഇവര്‍ ഇടപഴകിയതിനും തെളിവില്ലെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നേരിടുന്ന 5911 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 104 പേരില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ 20 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 52 ജില്ലകളില്‍ നിന്നുളളവരാണ്. ഇതില്‍ 39.2 ശതമാനം കേസുകള്‍ക്ക് എങ്ങനെയാണ് അസുഖം വന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തത തേടി കൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് വിദേശത്ത് നിന്ന് വന്നവരുമായോ രോഗം സ്ഥിരീകരിച്ചവരുമായോ സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ യാതൊരു തെളിവുമില്ല. 59 ശതമാനം കേസുകളില്‍ ഡേറ്റ പൂര്‍ണമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജില്ലാ അടിസ്ഥാനത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ആവശ്യകതയിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com