കോവിഡ് 19; കുവൈറ്റിലേക്ക് മെഡിക്കൽ സംഘത്തെ അയച്ച് ഇന്ത്യ

കോവിഡ് 19; കുവൈറ്റിലേക്ക് മെഡിക്കൽ സംഘത്തെ അയച്ച് ഇന്ത്യ
കോവിഡ് 19; കുവൈറ്റിലേക്ക് മെഡിക്കൽ സംഘത്തെ അയച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം കുവൈറ്റിലെത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനായാണ് ഇന്ത്യയിൽ നിന്നുള്ള 15 സംഘം എത്തിയത്. കോവിഡ് പരിശോധന, ചികിത്സ തുടങ്ങിയ മേഖലകളില്‍ സംഘം കുവൈറ്റ് ആരോഗ്യ വകുപ്പിനെ സഹായിക്കും. കുവൈറ്റ് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ 15 അംഗ സംഘത്തെ അയച്ചത്. 

ഇന്ത്യന്‍ ഡോക്ടര്‍മാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സംഘം കുവൈറ്റിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് സംഘം കുവൈറ്റിലെത്തിയത്. രണ്ടാഴ്ചയോളം ഇവര്‍ സേവനത്തിലുണ്ടാവുമെന്നും പ്രസ്താവനയിൽ പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രിയും കുവൈറ്റ് പ്രധാനമന്ത്രിയും ഫോണിലൂടെ ചര്‍ച്ച നടത്തുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കാനായി ഇത്തരത്തിൽ നിരവധി വൈദ്യ സംഘങ്ങളെ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്‌. സഹായം ആവശ്യമുള്ള സൗഹൃദ രാഷ്ട്രങ്ങളിലേക്ക് ഈ സംഘങ്ങളെ അയച്ചുകൊണ്ട് പിന്തുണ അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. 

കുവൈത്തിൽ ഇതുവരെ 1154 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 634 പേർ ഇന്ത്യക്കാരാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com