ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായി മാറാം, ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി: ലോകബാങ്ക് മുന്നറിയിപ്പ്

40 വര്‍ഷത്തെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക സ്ഥിതിയിലേക്കാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നീങ്ങുന്നത്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ന്യൂഡല്‍ഹി:  പടര്‍ന്നുപിടിക്കുന്ന കോവിഡ് രോഗബാധ ദക്ഷിണേഷ്യയെ കാര്യമായി ബാധിക്കാമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. 40 വര്‍ഷത്തെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക സ്ഥിതിയിലേക്കാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നീങ്ങുന്നത്. ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ രാജ്യങ്ങളില്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കൈവരിച്ച നേട്ടങ്ങളെ കോവിഡ് രോഗബാധ പ്രതികൂലമായി ബാധിക്കാമെന്നും ലോകബാങ്ക് ആശങ്കപ്പെടുന്നു.

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ ദക്ഷിണേഷ്യയുടെ ഭാഗമായുളള രാജ്യങ്ങളില്‍ ഒന്നടങ്കം 180 കോടിയോളം ജനങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇവിടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍ ഭാവിയില്‍ ഈ രാജ്യങ്ങള്‍ ഹോട്‌സ്‌പോട്ടുകളായി മാറാമെന്ന വിദഗ്ധരുടെ അഭിപ്രായം ഗൗരവത്തോടെ കാണണമെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു.

2021ലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാകുക. മാലദ്വീപിനെയും അഫ്ഗാനിസ്ഥാനെയും ആയിരിക്കും ഏറ്റവുമധികം ബാധിക്കുക. പാകിസ്ഥാനിലും ശ്രീലങ്കയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. ലോക്ക്്ഡൗണിനെ തുടര്‍ന്ന് ടൂറിസം മേഖല നിശ്ചലമായത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. വിതരണ ശൃംഖലയും താറുമാറായി കിടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ദക്ഷിണേഷ്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 1.8 ശതമാനം മുതല്‍ 2.8 ശതമാനം വരെ കുറച്ചതായി ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.6.3 ശതമാനം വളര്‍ച്ചയാണ് നേരത്തെ അനുമാനിച്ചിരുന്നത്. മേഖലയിലെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയിലും വളര്‍ച്ചാ നിരക്ക് താഴും. 1.5 ശതമാനം മുതല്‍ 2.8 ശതമാനം വരെയാണ് താഴുക. നേരത്തെ അഞ്ചുശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്.

കോവിഡ് വ്യാപനം അസമത്വം ഉയരാനും ഇടയാക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയില്‍ കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ ദുരിതം അനുഭവിക്കുകയാണ്. ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് നാട്ടിലേക്ക് പോകാനായി കാത്തുനില്‍ക്കുന്നത്. ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സമയോചിതമായ ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ലോകബാങ്ക് ആവശ്യപ്പെട്ടു.

ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് കടക്കുന്ന അവസ്ഥ ഉണ്ടാവാതെ നോക്കണം. ജനങ്ങളെ സംരക്ഷിക്കണം. പ്രത്യേകിച്ച് ദരിദ്രജനവിഭാഗങ്ങളുടെ സംരക്ഷത്തിന് പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കണം. അതിവേഗത്തില്‍ സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ലോക്ബാങ്ക് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com