മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നീട്ടി, ഏപ്രില്‍ 30 വരെ; മന്ത്രി ക്വാറന്റൈനില്‍ 

മഹാരാഷ്ട്ര ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാദ് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു.
മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നീട്ടി, ഏപ്രില്‍ 30 വരെ; മന്ത്രി ക്വാറന്റൈനില്‍ 

മുംബൈ: രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നീട്ടി. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെയാണ് നീട്ടിയത്. അതേസമയം മഹാരാഷ്ട്ര ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാദ് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തി എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണത്തില്‍ കഴിയാന്‍ മന്ത്രി തീരുമാനിച്ചത്.

അതേസമയം മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2000 കടന്നു. പുതുതായി 82 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2064 ആയെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പറയുന്നു.

പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 59 കേസുകള്‍ മുംബൈയില്‍ നിന്നുളളതാണ്. മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്‌സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. പുനെയില്‍ ഒരു മലയാളി നഴ്‌സിനും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇവര്‍ പുനെയില്‍ റൂബി ഹാള്‍ ആശുപത്രിയിലാണ് ജോലിചെയ്യുന്നത്. മഹാരാഷ്ട്രയിലെ ഹോട്ട്‌സ്‌പോട്ടായ മുംബൈയിലെ ധാരാവിയില്‍ പുതുതായി നാലുപേരില്‍ കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തി. ഒരാള്‍ കൂടി മരിച്ചതോടെ ധാരാവിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 15 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ നിലവില്‍ 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

നിലവില്‍ നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടിരിക്കുന്നത്. 60 നഴ്‌സുമാരും പത്തു ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ കാര്‍ഡിയാക്, പത്തോളജി ലാബുകളിലെ ടെക്‌നീഷ്യന്മാരും ശുചീകരണമേഖലയില്‍ ഉള്‍പ്പെടുന്നവരുമാണ്. കൊറോണ ബാധിച്ച നഴ്‌സുമാരില്‍ അമ്പതോളം പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം 19 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 134 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 1895 ആയി.  രാജ്യത്ത് കോവിഡ് മരണം 308 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. നിലവില്‍ 9000പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com