സിംഗിള്‍ ഷിഫ്റ്റ്, പരിമിതമായ ആളുകള്‍, സുരക്ഷാ ക്രമീകരണങ്ങള്‍; ലോക്ക്ഡൗണില്‍ മാര്‍ഗനിര്‍ദേശവുമായി വാണിജ്യമന്ത്രാലയം

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം. മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ കൂടുതല്‍ മേഖലകളില്‍ ഉത്പാദനം നടത്താന്‍ അനുവദിക്കണമെന്ന് വാണിജ്യമന്ത്രാലയം നിര്‍ദേശിച്ചു. വസ്‌ത്രോല്‍പ്പനം, വാഹനം, പ്രതിരോധം, ഇലക്ട്രോണിക്‌സ് അടക്കമുളള മേഖലകളില്‍ ഭാഗികമായി ഉത്പാദനം പുനരാരംഭിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് വാണിജ്യമന്ത്രാലയം കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് വാണിജ്യമന്ത്രാലയം അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കുകയാണ്. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് സംസ്ഥാനങ്ങള്‍ ഒന്നടങ്കം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതില്‍ ഇന്നോ നാളെയോ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ചലനാത്മകമാക്കാന്‍ ഇളവ് അനുവദിക്കണമെന്ന നിര്‍ദേശം വാണിജ്യ മന്ത്രാലയം മുന്നോട്ടുവെച്ചത്.

സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുന്നതിന് ചില മേഖലകളില്‍ ഇളവുകള്‍ അനുവദിക്കേണ്ടതുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. പണലഭ്യത ഉറപ്പുവരുത്താന്‍ ഇത് അത്യാവശ്യമാണെന്നും കേന്ദ്ര വാണിജ്യസെക്രട്ടറി ഗുരുപ്രസാദ് മോഹപത്ര കത്തില്‍ സൂചിപ്പിച്ചു. വിവിധ വ്യവസായ സംഘടനകളുമായി സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ശുപാര്‍ശയ്ക്ക് രൂപം നല്‍കിയത്. സാമൂഹിക അകലം പാലിക്കല്‍, ആരോഗ്യപരിപാലനം എന്നിവ ഉറപ്പുവരുത്തി ചില മേഖലകള്‍ക്ക് ഇളവ് അനുവദിക്കണമെന്നാണ് മുഖ്യ ആവശ്യം.

തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാണ്. സാമ്പത്തിക വളര്‍ച്ചാനിരക്ക് ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഏറ്റവുമധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന വലിയ വ്യവസായങ്ങളായ വാഹന, വസ്‌ത്രോല്‍പ്പന മേഖലകളില്‍ സിംഗിള്‍ ഷിഫ്റ്റ് അനുവദിച്ച് പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണെന്ന് വാണിജ്യമന്ത്രാലയം കത്തില്‍ പറയുന്നു. 

കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ കുറഞ്ഞ ആളുകള്‍ മാത്രമാണ് ജോലിക്ക് എത്തുന്നത് എന്ന് ഉറപ്പുവരുത്തി പ്രവര്‍ത്തനാനുമതി നല്‍കണം. ഇതിന് പുറമേ ടെലികോം, സ്റ്റീല്‍, സിമന്റ്, പേപ്പര്‍, ഭക്ഷ്യസംസ്‌കരണ മേഖല, മദ്യം തുടങ്ങിയവയെയും പരിമിതമായ ജോലിക്കാരെ മാത്രം പങ്കെടുപ്പിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുവദിക്കണമെന്നും വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com