'പത്ത് ലക്ഷം പേരിൽ 149 പരിശോധന മാത്രം, ഇന്ത്യയുടെ സ്ഥാനം ദരിദ്രരാജ്യങ്ങൾക്കൊപ്പം'; റാപ്പിഡ് കിറ്റുകൾ എവിടെയെന്ന് രാഹുൽ ​ഗാന്ധി 

വൈറസിനെതിരായ പോരാട്ടത്തില്‍ വ്യാപകമായ പരിശോധനയാണ് വേണ്ടതെന്നും നിലവിൽ രാജ്യം ഇക്കാര്യത്തിൽ പിന്നിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
'പത്ത് ലക്ഷം പേരിൽ 149 പരിശോധന മാത്രം, ഇന്ത്യയുടെ സ്ഥാനം ദരിദ്രരാജ്യങ്ങൾക്കൊപ്പം'; റാപ്പിഡ് കിറ്റുകൾ എവിടെയെന്ന് രാഹുൽ ​ഗാന്ധി 

ന്യൂഡല്‍ഹി:  കൊറോണ വൈറസിന്റെ സമൂഹവ്യാപനം നിയന്ത്രിക്കുന്നതിൽ നിർണ്ണായകമായ റാപ്പിഡ് ടെസ്റ്റിംഗിന് ആവശ്യമുള്ള കിറ്റുകള്‍ വാങ്ങുന്നതില്‍ കാലതാമസം വന്നതിൽ സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വൈറസിനെതിരായ പോരാട്ടത്തില്‍ വ്യാപകമായ പരിശോധനയാണ് വേണ്ടതെന്നും നിലവിൽ രാജ്യം ഇക്കാര്യത്തിൽ പിന്നിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

"പരിശോധനാ കിറ്റുകൾ വാങ്ങാൻ ഇന്ത്യ കാലതാമസം വരുത്തി. ഇപ്പോൾ അവയ്ക്ക് വലിയ ക്ഷാമമുണ്ട്. പത്ത് ലക്ഷം ഇന്ത്യക്കാര്‍ക്ക് വെറും 149 ടെസ്റ്റുകള്‍ നടത്തിയ നമ്മള്‍ ഇപ്പോള്‍ ലാവോസ് (157), നൈജര്‍ (182), ഹോണ്ടുറാസ് (162) എന്നിവര്‍ക്കൊപ്പമാണ്. വൈറസ് വ്യാപനം കണ്ടെത്താൻ വ്യാപകമായ പരിശോധനകള്‍ പ്രധാനമാണ്. നിലവില്‍ നമ്മള്‍ ഇക്കാര്യത്തിൽ പിന്നിലാണ്", രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

നിലവില്‍ ഉപയോഗിക്കുന്ന ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നിന്ന് വ്യത്യസ്തമായി 30 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കുന്നതാണ് റാപ്പിഡ് ടെസ്റ്റ്. രക്തതിലെ ആന്റിബോഡിയാണ് റാപ്പിഡ് ടെസ്റ്റിലൂടെ തിരിച്ചറിയുന്നത്. ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രാജ്യത്ത് എത്തേണ്ടിയിരുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഏപ്രില്‍ 15നകം എത്തുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com