റേഷന്‍ നല്‍കുമ്പോള്‍ വിഐപികള്‍ ചോദിക്കുന്നത്‌ സ്‌ട്രോബറിയും ബ്രൊക്കോളിയും; വിമര്‍ശനവുമായി ബിജെപി കൗണ്‍സിലര്‍

'ഭക്ഷ്യവസ്‌തുക്കള്‍ എത്തിക്കുന്നത്‌ സന്നദ്ധ പ്രവര്‍ത്തകരാണ്‌. ഇവര്‍ക്ക്‌ ഇവിടെ അസാധാരണ സാഹചര്യങ്ങളാണ്‌ നേരിടേണ്ടി വരുന്നത്‌'
റേഷന്‍ നല്‍കുമ്പോള്‍ വിഐപികള്‍ ചോദിക്കുന്നത്‌ സ്‌ട്രോബറിയും ബ്രൊക്കോളിയും; വിമര്‍ശനവുമായി ബിജെപി കൗണ്‍സിലര്‍

ചണ്ഡിഗഡ്‌: ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ ഒരു നേരത്തെ ഭക്ഷണത്തെ കുറിച്ച്‌ രാജ്യത്ത്‌ വലിയൊരു വിഭാഗം ആകുലപ്പെടുമ്പോള്‍ ഇറക്കുമതി ചെയ്‌ത തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ്‌ ചിലര്‍ ഉയര്‍ത്തുന്നത്‌ എന്ന്‌ ബിജെപി നേതാവ്‌. വീടുകളിലേക്ക്‌ അരിയും പച്ചക്കറിയുമെല്ലാം എത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരോട്‌ സ്‌ട്രോബറി കിട്ടുന്നില്ല, പുതുതായി തയ്യാറാക്കിയ ബ്രഡ്‌ കിട്ടുന്നില്ല, ബ്രൊക്കോളി ലഭിക്കുന്നില്ല എന്നിങ്ങനെയാണ്‌ ചിലര്‍ പരാതി പറയുന്നതെന്ന്‌ ചണ്ഡിഗഡിലെ ബിജെപി കൗണ്‍സിലറായ മഹേഷ്‌ ഇന്ദര്‍ സിങ്‌ ആരോപിച്ചു.

ചണ്ഡിഗഡിലെ പ്രമുഖര്‍ താമസിക്കുന്നതാണ്‌ സെക്ടര്‍ 1-11. ഇവിടെ ഭക്ഷ്യവസ്‌തുക്കള്‍ എത്തിക്കുന്നത്‌ സന്നദ്ധ പ്രവര്‍ത്തകരാണ്‌. ഇവര്‍ക്ക്‌ ഇവിടെ അസാധാരണ സാഹചര്യങ്ങളാണ്‌ നേരിടേണ്ടി വരുന്നത്‌ എന്ന്‌ മഹേഷ്‌ ഇന്ദര്‍ പറയുന്നു. ചണ്ഡിഗഡിലെ പ്രമുഖ ഭക്ഷണ ശാലകളില്‍ നിന്നുള്ള ഭക്ഷണം എത്തിക്കാത്തതില്‍ പലരും സന്നദ്ധ പ്രവര്‍ത്തകരോട്‌ ക്ഷുഭിതരാവുന്നു.

നിലവിലെ സാഹചര്യത്തെ കുറിച്ച്‌ പറഞ്ഞ്‌ മനസിലാക്കാന്‍ ശ്രമിച്ചിട്ടും അവര്‍ക്കിതൊന്നും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്ന്‌ ബിജെപി കൗണ്‍സിലര്‍ പറഞ്ഞു. വിഐപികളായ ഇവരുടെ ആവശ്യങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരെ വളരെ അധികം വലക്കുന്നുണ്ട്‌. ഇവിടെ വിഐപികളുടെ സഹായികളെ കൊണ്ട്‌ നിറയുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com