ചിത്രം: പിടിഐ
ചിത്രം: പിടിഐ

രാജ്യത്ത് 24 മണിക്കൂറിനിടെ 957 പേര്‍ക്ക് കോവിഡ്, 36 മരണം; 2015 പേര്‍ ആശുപത്രി വിട്ടു

ഈ സമയപരിധിയില്‍ 36 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 957പേര്‍ക്ക് കൂടി കോവിഡ്. ഈ സമയപരിധിയില്‍ 36 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ മരണസംഖ്യ 488 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ 14792 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12289 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 2015 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ കോവിഡ് കേസുകളില്‍ 4291 പേര്‍ക്ക് രോഗ ബാധയുണ്ടായത് നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 29.8 ശതമാനമാണ് വൈറസ് ബാധയുടെ തോത്. ഈയൊരറ്റ സമ്മേളനത്തിലൂടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രോഗം പടര്‍ന്നത്. തമിഴ്‌നാട്ടില്‍ 84 ശതമാനം, ഡല്‍ഹിയില്‍ 63 ശതമാനം, തെലങ്കാനയില്‍ 79 ശതമാനം, ഉത്തര്‍പ്രദേശില്‍ 59 ശതമാനം, ആന്ധ്രപ്രദേശില്‍ 61 ശതമാനം എന്ന തരത്തിലാണ് സമ്മേളനവുമായി ബന്ധപ്പെട്ടവരിലൂടെ രോഗം പടര്‍ന്നിരിക്കുന്നത്.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ നല്ലൊരു ശതമാനം പേരെയും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതായത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരില്‍ 83 ശതമാനം പേരെയും മറ്റു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

രാജ്യത്ത് കോവിഡ് മരണനിരക്ക് 3.3 ശതമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ച്് മരിച്ചവരില്‍  45 വയസ്സില്‍ താഴെ ഉളളവരുടെ മരണനിരക്ക് 14.4 ശതമാനമാണ്. 45 നും 60നും ഇടയില്‍ പ്രായമുളളവരില്‍ ഇത് 10.3 ശതമാനവും 60 നും 75 നും ഇടയില്‍ പ്രായമുളളവരില്‍ 33.1 ശതമാനവുമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.75 വയസ്സിന് മുകളില്‍ പ്രായമുളളവരാണ് മരിച്ചവരില്‍ ഏറെയും. 42.2 ശതമാനമാണ് മരണനിരക്കെന്നും ആരോഗ്യസെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

23 സംസ്ഥാനങ്ങളിലെ 47 ജില്ലകളില്‍ നിന്ന് അനുകൂലമായ വാര്‍ത്തയാണ് ലഭിക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനിടെ, പുതുച്ചേരിയിലെ മാഹി, കര്‍ണാടകയിലെ കുടുക് എന്നിവിടങ്ങളില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റു ജില്ലകളില്‍ കഴിഞ്ഞ പതിനാല് ദിവസം ഒരു കോവിഡ് കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യസെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com