ഗോവ കോവിഡ് മുക്തം;  അവസാനത്തെയാളും ആശുപത്രിവിട്ടു; ആശ്വാസമെന്ന് മുഖ്യമന്ത്രി

രാജ്യം കോവിഡ് 19നോട് പൊുതുമ്പോള്‍ ഗോവയില്‍ നിന്ന് ആശ്വാസ വാര്‍ത്ത.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

പനാജി: രാജ്യം കോവിഡ് 19നോട് പൊുതുമ്പോള്‍ ഗോവയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. അവസാന കോവിഡ് രോഗിക്കും അസുഖം ഭേദമായി. ഏപ്രില്‍ മൂന്നിന് ശേഷം സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു. 

സംസ്ഥാനത്തിന് ഇത് സംതൃപ്തിയുടെയും ആശ്വാസത്തിന്റെയും സമയമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ നേട്ടത്തിന്റെ പൂര്‍ണമായ അര്‍ഹത ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് കോവിഡ് പോസ്റ്റീവ് കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1334 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 27 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 15000 കടന്നു. 15712 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12974 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 2230 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 507 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകള്‍. 328 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധിച്ചതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് 3651 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 1893 പേര്‍ക്കും മധ്യപ്രദേശില്‍ 1407 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. യഥാക്രമം 1376ഉം 1372ഉം ആണ് ഇവിടങ്ങളിലെ കോവിഡ് ബാധിതര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com