ഞാന്‍ കോവിഡ് 19നെതിരായെ പോരാട്ടത്തില്‍; പിതാവിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാതെ യോഗി ആദിത്യനാഥ്

യുപിയിലെ 23 കോടി ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്ത്വം ഉള്ളതിനാല്‍ പിതാവിന്റെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാനാവില്ലെന്ന് യോഗി ആദിത്യനാഥ്
ഞാന്‍ കോവിഡ് 19നെതിരായെ പോരാട്ടത്തില്‍; പിതാവിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാതെ യോഗി ആദിത്യനാഥ്


ലഖ്‌നൗ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പിതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിഷ്ത് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.  വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

അച്ഛന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. എപ്പോഴും സത്യസന്ധത പുലര്‍ത്തുക. കഠിനാധ്വനം ചെയ്യണമെന്നതാണ് തനിക്ക് അച്ഛന്‍ നല്‍കിയ സന്ദേശമെന്ന് യോഗി പറഞ്ഞു. അവസാനനിമിഷം അച്ഛനോടൊപ്പമുണ്ടാവണമെന്നതായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ യുപിയിലെ 23 കോടി ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്ത്വം ഉള്ളതിനാല്‍ പിതാവിന്റെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാനാവില്ലെന്ന് യോഗി അറിയിച്ചു.

ആനന്ദ് സിങ് ബിഷ്തിന്റെ മൃതദേഹം ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഗ്രാമത്തിലെത്തിക്കും. നാളെയാണ് സംസ്‌കാരചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു മീറ്റിങ്ങിനിടയിലാണ് പിതാവിന്റെ മരണവാര്‍ത്ത മുഖ്യമന്ത്രിയെ തേടിയെത്തിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പ്രിയങ്ക ഗാന്ധി വദ്ര, അഖിലേഷ് യാദവ്, അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം) അവനിഷ് അവസ്തി തുടങ്ങി നിരവധി പേര്‍ തങ്ങളുടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. 14 മരണങ്ങള്‍ ഉള്‍പ്പെടെ 969 കൊറോണ വൈറസ് കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com