ലോക്ക്ഡൗണ്‍ ലംഘിച്ച് കടകള്‍ തുറന്നു; കടക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി; പൊലീസിന് നേരെ കല്ലേറ് (വീഡിയോ)

ലോക്ക്ഡൗണ്‍ ലംഘിച്ച് കടകള്‍ തുറന്നു; കടക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി; പൊലീസിന് നേരെ കല്ലേറ് (വീഡിയോ)
ലോക്ക്ഡൗണ്‍ ലംഘിച്ച് കടകള്‍ തുറന്നു; കടക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി; പൊലീസിന് നേരെ കല്ലേറ് (വീഡിയോ)

ലഖ്‌നൗ: ലോക്ക്ഡൗണിനിടെ പൊലീസും ഒരുകൂട്ടം ആളുകളും തമ്മില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ അലിഗഢിലുള്ള ഭുജ്പുര പ്രദേശത്താണ് സംഭവം. കടകള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് അക്രമം അരങ്ങേറിയത്. അക്രമികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സ്വയ രക്ഷയ്ക്കായി പൊലീസും തിരിച്ച് കല്ലെറിഞ്ഞു. 

കടകള്‍ അടയ്ക്കുമ്പോള്‍ പച്ചക്കറി വില്‍പ്പനക്കാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ടപ്പോള്‍ ആളുകള്‍ തങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.  

രാവിലെ ആറ് മുതല്‍ പത്ത് മണി വരെ മാത്രമാണ് ഇവിടെ കടകള്‍ തുറക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ പത്ത് മണി കഴിഞ്ഞിട്ടും കടകള്‍ അടയ്ക്കാന്‍ ചിലര്‍ തയ്യാറായില്ല.  ഇതോടെ ചില കടക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. സ്ഥലത്ത് പൊലീസ് എത്തിയതോടെ അക്രമികള്‍ ഒന്നായി പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. 

രാജ്യത്തിന്റെ പല ഭാഗത്തും പൊലീസിനും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെ ആളുകള്‍ കല്ലെറിയുന്നതടക്കമുള്ള അതിക്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത് കൂടിയതോടെ കേന്ദ്രം വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

ആരോഗ്യ പ്രവര്‍ത്തകരെയടക്കം ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍ നേരത്തെ പറഞ്ഞിരുന്നു. ആക്രമിള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇന്നുതന്നെ ഇറക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com