'മുഖ്യമന്ത്രി ഇത് നാണക്കേടാണ്; കോവിഡുള്ള ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു'; മമതയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി

'മുഖ്യമന്ത്രി ഇത് നാണക്കേടാണ്; കോവിഡുള്ള ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു'; മമതയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി
'മുഖ്യമന്ത്രി ഇത് നാണക്കേടാണ്; കോവിഡുള്ള ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു'; മമതയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ കോവിഡ് 19 വ്യാപനം തടയാനുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ശ്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ മറച്ചു വയ്ക്കാനാണ് മമതാ ബാനര്‍ജി ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. 

മമതാ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും മറ്റ് പാര്‍ട്ടികളും ബംഗാളില്‍ പ്രതിഷേധത്തിലാണ്. ഇതിന് പിന്നാലെയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള എംപിയായ കേന്ദ്ര മന്ത്രിയുടെ വിമര്‍ശനം. 

'കോവിഡ് 19നെ മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നാണംകെട്ട രീതിയിലാണ് സംസ്ഥാനത്ത് നേരിടുന്നത്. വൈറസിനെ നേരിടാന്‍ കേന്ദ്ര സഹായം അവര്‍ക്ക് ആവശ്യമുണ്ട്. പിപിഇ കിറ്റുകളും ഫണ്ടും ഒക്കെ വേണം. എന്നിട്ടും കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുകയും ചെയ്യുന്നു'- അദ്ദേഹം പറഞ്ഞു. 

'മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കേന്ദ്രവുമായി ചേര്‍ന്ന് കോവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ബംഗാളില്‍ കോവിഡ് ബാധിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്ന അവസ്ഥയാണിപ്പോള്‍'- സുപ്രിയോ വ്യക്തമാക്കി. 

'സംസ്ഥാനത്ത് കോവിഡിന്റെ സ്ഥിതിഗതികള്‍ പരിശോധിക്കാനെത്തിയ ഇന്റര്‍ മിനിസ്റ്റീരിയര്‍ സെന്‍ട്രല്‍ ടീമിനെ അപമാനിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സന്ദര്‍ശന വേളയില്‍ സെന്‍ട്രല്‍ ടീം ഒരു രാഷ്ട്രീയ വൈറസിനെ ബംഗാളിലേക്ക് കൊണ്ടുവന്നുവെന്ന് ഡെറക് ഒബ്രയന്‍ പറഞ്ഞിരുന്നു. ഇത്തരമൊരു അഭിപ്രായം പറയുന്ന പാര്‍ലമെന്റേറിയന്‍ എങ്ങനെയുള്ളയാളാണ്? വെറുതയല്ല ആളുകള്‍ അദ്ദേഹത്തെ 'ഡെറക് നോ ബ്രെയ്ന്‍' എന്ന് വിളിക്കുന്നത്'- കേന്ദ്ര മന്ത്രി പരിഹസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com