കൊടുംചൂടില്‍ മൂന്ന് നാല് ദിവസം ബസില്‍ എങ്ങനെ കൊണ്ടുപോകും?; അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ട്രെയിന്‍ അനുവദിക്കണം

അയല്‍ സംസ്ഥാനത്ത് കുടുങ്ങിയ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബസുകള്‍ക്ക്  പകരം ട്രെയിന്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് തെലങ്കാന മന്ത്രി
കൊടുംചൂടില്‍ മൂന്ന് നാല് ദിവസം ബസില്‍ എങ്ങനെ കൊണ്ടുപോകും?; അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ട്രെയിന്‍ അനുവദിക്കണം

ഹൈദരബാദ്:  ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബസുകള്‍ക്ക്  പകരം ട്രെയിന്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് തെലങ്കാനമന്ത്രി തലസാനി ശ്രീനിവാസ് യാദവ്. വിവിധയിടങ്ങളിലായി രണ്ട് കോടിയലധികം ആളുകളാണ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോവാനാവാതെ കുടുങ്ങിക്കിടക്കുന്നത്.

മൂന്ന് നാല് ദിവസം കൊണ്ട് ഇത്രയധികം തൊഴിലാളികളെ എങ്ങനെ കൊടുംചൂടില്‍ ബസ്സില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നാണ് മന്ത്രി ചോദിക്കുന്നത്. ഈ സാഹചര്യത്തില്‍ ബസിന് പകരം ട്രെയിന്‍ അനുവദിക്കുകയാവും ഉചിതമെന്നും മന്ത്രി പറഞ്ഞു.

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ റോഡുമാര്‍ഗം തിരികെയെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയത്.. കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍, മറ്റ് വ്യക്തികള്‍ തുടങ്ങി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാനാണ് അനുമതി.

സംസ്ഥാനങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് കുടുങ്ങിയവരെ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഒരു സംസ്ഥാനത്തുനിന്നോ കേന്ദ്രഭരണപ്രദേശത്തുനിന്നോ മറ്റൊരു സംസ്ഥാനത്തേക്കോ കേന്ദ്രഭരണപ്രദേശത്തേക്കോ പോകാനാണ് അവരെ അനുവദിക്കുന്നത്.ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍, മടങ്ങിയെത്തുന്നവരെ പ്രാദേശിക ആരോഗ്യ വിഭാഗം ജീവനക്കാര്‍ പരിശോധിക്കുകയും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ക്വാറന്റിനില്‍ പ്രവേശിപ്പിക്കുകയും വേണം. മറ്റു പ്രശ്‌നങ്ങളില്ലെങ്കില്‍ വീട്ടില്‍ നിശ്ചിത കാലയളവ് നിരീക്ഷണത്തില്‍ കഴിയണം. ഇവരെ ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com