കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ചു, മറ്റു രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കി; മോദിയുടെ ജനപ്രീതി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ചു, മറ്റു രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കി; മോദിയുടെ ജനപ്രീതി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒരു മാസം മുന്‍പ് സമ്പദ് വ്യവസ്ഥ ഒരു ദശാബ്ദക്കാലത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞപ്പോള്‍ മോദിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ലോകരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം മുന്നേറ്റം കാഴ്ച വെച്ചത് മോദിയുടെ ജനസമ്മതി ഉയരാന്‍ ഇടയാക്കി. കോവിഡ് വ്യാപനം ആരംഭിച്ച് ഉടനെ തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉള്‍പ്പെടെയുളള നടപടികളാണ് മോദിയുടെ പ്രശസ്തി ഉയരാന്‍ ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജനുവരി ഏഴിന് മോദിയെ അംഗീകരിക്കുന്നവരുടെ തോത് 76 ശതമാനമായിരുന്നു. എന്നാല്‍ ഏപ്രില്‍ 21 ന് ഇത് 83 ശതമാനമായി ഉയര്‍ന്നതായി അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ടിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു. മോദിയുടെ നേതൃത്വത്തിലുളള വിശ്വാസ്യത ഉയര്‍ന്നതായി ഐഎഎന്‍എസ്- സി വോട്ടര്‍ കോവിഡ് 19 ട്രാക്കറും വ്യക്തമാക്കുന്നു. മാര്‍ച്ച് 25ന് ഇദ്ദേഹത്തിന്റെ ജനപ്രീതി നിരക്ക് 76.8 ശതമാനമായിരുന്നു. ഏപ്രില്‍ 21 ന് ഇത് 93.5 ശതമാനമായി ഉയര്‍ന്നതായി ഐഎഎന്‍എസ്- സി വോട്ടര്‍ പറയുന്നു.

മാര്‍ച്ചിന്റെ തുടക്കത്തില്‍ സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ചയെ തുടര്‍ന്ന് മോദി സര്‍ക്കാര്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 10 വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍ എത്തിയത് അടക്കമുളള കാര്യങ്ങളാണ് മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരാന്‍ ഇടയാക്കിയത്. ഇതിന് പുറമേ പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധങ്ങളും മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് കോവിഡ് മഹാമാരി ലോക രാജ്യങ്ങളില്‍ പിടിമുറുക്കിയത്.

രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് വഴി മോദി ലോകരാജ്യങ്ങളില്‍ ശ്രദ്ധാ കേന്ദ്രമായി മാറി. ഇതിന് പുറമേ മരുന്നുകളും മറ്റു നല്‍കി ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കാന്‍ രംഗത്തുവന്നതും മോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com