ഇരകളെ കഴുത്തുഞെരിച്ച് കൊല്ലും, മൃതദേഹം മുതലകള്‍ക്ക് ഇട്ടുകൊടുക്കും ; കൊലയാളി ഡോക്ടറുടെ 'രീതി' അതിക്രൂരം

ഗ്യാസ് സിലിണ്ടര്‍ തട്ടിയെടുക്കാനായി ട്രക്ക് ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടുപോയാണ് ഡോ. ദേവേന്ദര്‍ ശര്‍മ്മ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടക്കുന്നത്
ഇരകളെ കഴുത്തുഞെരിച്ച് കൊല്ലും, മൃതദേഹം മുതലകള്‍ക്ക് ഇട്ടുകൊടുക്കും ; കൊലയാളി ഡോക്ടറുടെ 'രീതി' അതിക്രൂരം

ന്യൂഡല്‍ഹി : നൂറിലേറെ പേരെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവെ, പരോളിലിറങ്ങി മുങ്ങിയ കൊലയാളി ഡോക്ടര്‍ ദേവേന്ദര്‍ ശര്‍മ്മയുടെ പ്രവൃത്തികള്‍ രക്തം മരവിപ്പിക്കുന്നത്. നിരവധി ട്രക്ക്, കാര്‍ ഡ്രൈവര്‍മാരാണ് ഇയാളുടെ ഇരയായി ജീവന്‍ നഷ്ടപ്പെട്ടത്. ഗ്യാസ് സിലിണ്ടര്‍ തട്ടിയെടുക്കാനായി ട്രക്ക് ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടുപോയാണ് യുപിയിലെ അലിഗഡ് സ്വദേശിയായ ഡോ. ദേവേന്ദര്‍ ശര്‍മ്മ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടക്കുന്നത്. 

ഇതിന് പിന്നാലെ അന്തര്‍സംസ്ഥാന വൃക്ക വ്യാപാര റാക്കറ്റിലും ഇയാള്‍ പങ്കാളിയായി. 1994 മുതല്‍ 2004 വരെ 125ലേറെ അനധികൃത വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളാണ് ഇയാള്‍ മുഖേന നടന്നത്. ഇതിനിടെ ടാക്‌സി കാറുകള്‍ വാടകയ്ക്ക് വിളിച്ച് ഡ്രൈവറെ കൊലപ്പെടുത്തി കാര്‍ തട്ടിയെടുക്കുന്ന സംഘത്തിലും അംഗമായി. 

നിരവധി ഡ്രൈവര്‍മാരെയാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കൊന്നൊടുക്കിയത്. കഴുത്ത് ഞെരിച്ച് കൊന്നശേഷം മൃതദേഹം മുതലകള്‍ക്ക് തിന്നാന്‍ ഇട്ടുകൊടുക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. യുപിയിലെ കാസ്ഗഞ്ചിലെ ഹസ്ര കനാലിലെ മുതലകള്‍ക്കായിരുന്നു ഇയാളുടെ ഇരകള്‍ ഭക്ഷണമായിരുന്നത്. 

കനാലില്‍ നിരവധി മുതലകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മൃതദേഹങ്ങളുടെ ഒരു അവശിഷ്ടം പോലും അവശേഷിക്കില്ലായിരുന്നു. അതിനാല്‍ തന്നെ ഇയാളുടെ ക്രൂരതയുടെ ഒരു തെളിവും പുറംലോകം അറിഞ്ഞില്ല. നിരവധി കൊലക്കേസുകളിൽ പ്രതിയാണെങ്കിലും ഏഴ് കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

ഇതിലൊരു കേസിൽ തടവ് ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് ദേവേന്ദർ ശർമ്മ പരോളിലിറങ്ങി മുങ്ങിയത്. ജയ്പുരിൽനിന്ന് ഡൽഹിയിലേക്ക് കടന്ന ഇയാൾ ഡൽഹിയിൽ വിധവയും അകന്ന ബന്ധുവുമായ സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു. ഇതിനിടെ, വസ്തുക്കച്ചവടവും ആരംഭിച്ചു. കഴിഞ്ഞദിവസം രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. 

ബിഹാറിൽനിന്നും ബിഎഎംഎസ് ബിരുദം നേടിയ ദേവേന്ദർ ശർമ 1984-ൽ ജയ്പുരിൽ ക്ലിനിക്ക് ആരംഭിച്ചു. 1992-ൽ പാചകവാതക ഡീലർഷിപ്പിൽ പണം മുടക്കിയെങ്കിലും വഞ്ചിക്കപ്പെട്ട് പണം നഷ്ടമായി. ഇതോടെ പണം തിരിച്ചുപിടിക്കാൻ അലിഗഢിൽ വ്യാജ ഗ്യാസ് ഏജൻസി ആരംഭിച്ചു. ഇതിനൊപ്പം ​ഗ്യാസ് സിലിണ്ടറുമായി പോകുന്ന ട്രക്കുകൾ തടഞ്ഞ് ഡ്രൈവർമാരെ കൊലപ്പെടുത്തി, സിലിണ്ടർ കൈക്കലാക്കുകയും, ട്രക്ക് പൊളിച്ചുവിൽക്കുകയും ചെയ്യുന്ന അക്രമിസംഘത്തിന് രൂപം നൽകി. തട്ടിയെടുത്ത പാചകവാതക സിലിണ്ടറുകൾ വ്യാജ ഗ്യാസ് ഏജൻസി വഴി വിൽപന നടത്തും. രണ്ടു ഡസനോളം കൊലപാതകങ്ങളാണ് ഇക്കാലയളവിൽ ഇവർ നടത്തിയത്. 

ഇതിന് പിന്നാലെയാണ് വൃക്ക വ്യാപാര റാക്കറ്റിലും പങ്കാളിയായത്. 2001-ൽ അംറോഹയിലും വ്യാജ ഗ്യാസ് ഏജൻസി ആരംഭിച്ചെങ്കിലും പൊലീസിന്റെ പിടിയിലായി. തുടർന്ന് വീണ്ടും ജയ്പുരിലെത്തി ക്ലിനിക്ക് തുടങ്ങി. ഈ സമയത്താണ് ടാക്സി കാറുകൾ വാടകയ്ക്ക് വിളിച്ച് ഡ്രൈവറെ കൊലപ്പെടുത്തി കാർ തട്ടിയെടുക്കുന്ന സംഘത്തിനൊപ്പം ചേർന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ 50 കൊലപാതകങ്ങള്‍ ഓര്‍മ്മയുണ്ടെന്ന് ഇയാൽ സമ്മതിച്ചു. എന്നാൽ കൊടുംകുറ്റവാളിയായ ആയുര്‍വേദ ഡോക്ടര്‍ നടത്തിയ കൊലപാതകങ്ങൾ 100 കവിയുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com