രാജ്യസഭ എംപി അമര്‍ സിങ് അന്തരിച്ചു

സിംഗപ്പൂരിലെ ആശുപത്രിയില്‍ കഴിഞ്ഞ ചില മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു
രാജ്യസഭ എംപി അമര്‍ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: രാജ്യസഭ എംപിയും മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അമര്‍ സിങ് അന്തരിച്ചു. 64 വയസ്സായിരുന്നു. കഴിഞ്ഞ ചില മാസങ്ങളായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ കാരണം സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലകനെ കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 

1956 ഓഗസ്റ്റ് ഒന്നിന് ജനിച്ച അദ്ദേഹത്തിന്റെ മരണവും മറ്റൊരു ഓഗസ്റ്റ് ഒന്നിലാണ്. യുപി രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങി നിന്ന സമാജ്‌വാദി പാര്‍ട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. 2008ല്‍ ഇടതുപക്ഷം മന്‍മോഹന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ എസ്പിയെ യുപിഎ സര്‍ക്കാരിന്റെ ഭാഗമാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 

2010ല്‍ സമാജ്‌വാദി പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ അദ്ദേഹം, 2011ല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ 2011ല്‍ രാഷ്ട്രീയ ലോക്മഞ്ച് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് 2012ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ 369 സീറ്റുകളില്‍ എസ്പിക്ക് എതിരെ മത്സരാര്‍ത്ഥികളെ നിര്‍ത്തി. എന്നാല്‍ പൂര്‍ണ പരാജയമായിരുന്നു ഫലം. 2014ല്‍ രാഷ്ട്രീയ ലോക്ദളില്‍ ചേര്‍ന്ന അദ്ദേഹം, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോല്‍വി ഏറ്റുവാങ്ങി. എന്നാല്‍ 2016ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് രാജ്യസഭ എംപിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com