ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ ഭൂമി പൂജ; സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പിന്‍വലിക്കണം; മമതയോട് ബിജെപി

ഓഗസ്റ്റ് അഞ്ചിലെ സംസ്ഥാനത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയോട് ബിജെപി
ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ ഭൂമി പൂജ; സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പിന്‍വലിക്കണം; മമതയോട് ബിജെപി

കൊല്‍ക്കത്ത:  ഓഗസ്റ്റ് അഞ്ചിലെ സംസ്ഥാനത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയോട് ബിജെപി. അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയോടനുബന്ധിച്ചാണ് സംസ്ഥാന ബിജെപി ഘടകത്തിന്റെ ആവശ്യം.

ഓഗസ്റ്റ് അഞ്ചിന് ലോക്ക്ഡൗണ്‍ നടപ്പാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുന:പരിശോധിച്ച് പിന്‍വലിക്കണം. കോവിഡ് ഭീതിയില്‍ ആളുകള്‍ ദുരിതത്തിലാണ്. സര്‍ക്കാര്‍ അവര്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ജൂലായ് 29, ആഗസ്റ്റ് 2,ആഗസ്റ്റ് 5,ആഗസ്റ്റ് 8, ആഗസ്റ്റ് 9,ആഗസ്റ്റ് 16, ആഗസ്റ്റ് 17,ആഗസ്റ്റ് 23, ആഗസ്റ്റ് 24 എന്നീ ദിവസങ്ങളിലാണ് പശ്ചിമ ബംഗാളില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. രക്ഷാബന്ധന്‍, സ്വാതന്ത്ര്യദിനം, ഗണേഷ് ചതുര്‍ത്ഥി, ബക്രീദ് ദിനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിരുന്നു.

മമതബാനര്‍ജിയുടെ ലോക്ക്ഡൗണ്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഓഗസ്റ്റിലെ ലോക്ക്ഡൗണ്‍ തീയ്യതികള്‍ മൂന്ന് തവണമാറ്റിയതായും ബിജെപി നേതാക്കള്‍ പറയുന്നു. അതുകൊണ്ട് ഇത് ഒരു തവണ കൂടി മാറ്റിയാല്‍ ഒരു കുഴപ്പവുമില്ല. ഇത് ചരിത്രപരവും അഭിമാനകരവുമായ ദിവസമാണ്. ആളുകള്‍ക്ക് ആഘോഷിക്കാന്‍ കഴിയാത്ത ഒരു അന്തരീക്ഷം സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിക്കരുത് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

രക്ഷാബന്ധന്‍, സ്വാതന്ത്ര്യദിനം, ഗണേഷ് ചതുര്‍ത്ഥി, ബക്രീദ്  തുടങ്ങിയ ദിവസങ്ങളിലെ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. അയോധ്യയിലെ ഭൂമി പൂജ ആളുകള്‍ക്ക് വീട്ടിലിരുന്ന് ടെലിവിഷനില്‍ കാണാന്‍ കഴിയും. ബിജെപി ഇവിടെ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് തൃണമൂല്‍ പാര്‍ട്ടി വക്താവും എംപിയുമായി സൗഗത റോയ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com