കോവിഡ് സംശയിക്കുന്നവരെ മാലിന്യവണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക്; ആന്ധ്രയില്‍ രാഷ്ട്രീയ വിവാദം ( വീഡിയോ)

ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിച്ച രോഗികളെ മാലിന്യ വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത് വിവാദമാകുന്നു
കോവിഡ് സംശയിക്കുന്നവരെ മാലിന്യവണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക്; ആന്ധ്രയില്‍ രാഷ്ട്രീയ വിവാദം ( വീഡിയോ)

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോവിഡ് രോഗം സംശയിക്കുന്നവരെ മാലിന്യ വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത് വിവാദമാകുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു.

ആന്ധ്രാപ്രദേശിലെ വിശാനഗരം ജില്ലയിലാണ് സംഭവം. കോവിഡ് രോഗം സംശയിക്കുന്നവരെ മാലിന്യ വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ വീണ്ടും പങ്കുവെച്ച് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തുവന്നു. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ ചന്ദ്രബാബു നായിഡു സര്‍ക്കാരിനെ വിമര്‍ശിക്കാനും മറന്നില്ല.

'ഇവര്‍ക്ക് കൊറോണ വൈറസ് ബാധ ഉണ്ടോ എന്ന് അറിയില്ല. എന്നാല്‍ ഇവര്‍ക്ക് മറ്റു രോഗങ്ങള്‍ പിടിപെടാനുളള സാധ്യത കൂടുതലാണ്. എന്തുകൊണ്ട് ഇവരെ മനുഷ്യരായി കാണുന്നില്ല'- ചന്ദ്രബാബു നായിഡു ട്വിറ്ററില്‍ കുറിച്ചു. സംഭവം വിവാദമായതോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

രണ്ടു ദിവസം മുന്‍പാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലം ഉള്‍പ്പെടുന്ന നെല്ലിമര്‍ല നഗര്‍ പഞ്ചായത്ത് കമ്മീഷണര്‍ ജെ ആര്‍ അപ്പള നായിഡു ആരോപണങ്ങള്‍ നിഷേധിച്ചു. 'ജില്ലാ കലക്ടറുടെ ഉത്തരവ് അനുസരിച്ച് അന്വേഷണം നടത്തി. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് ബ്ലീച്ചിങ് പൗഡറും മറ്റും കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന വണ്ടിയാണ് ഇത്. ദൃശ്യങ്ങളില്‍ കാണുന്നവര്‍ കൊറോണ വൈറസ് ബാധിതര്‍ അല്ല. കോവിഡ് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് വാഹനം ഉപയോഗിച്ചിട്ടുമില്ല' -  നഗര്‍ പഞ്ചായത്ത് കമ്മീഷണര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com