5 താഴികക്കുടങ്ങള്‍, മൂന്ന് നിലകള്‍; അയോധ്യയില്‍ ഉയരുക ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രം; ആദ്യ ഘട്ടം 3 വര്‍ഷത്തിനകം 

മുന്‍ നിശ്ചയിച്ച രൂപകല്‍പ്പനയില്‍ നിന്ന് മാറി വാസ്തു വിദ്യയിലെ നഗരശൈലിയിലുള്ള ക്ഷേത്രമാണ് അയോധ്യയില്‍ ഉയരുക
5 താഴികക്കുടങ്ങള്‍, മൂന്ന് നിലകള്‍; അയോധ്യയില്‍ ഉയരുക ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രം; ആദ്യ ഘട്ടം 3 വര്‍ഷത്തിനകം 

ഫൈസാബാദ്: അയോധ്യയില്‍ ഉയരുക ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രം. മുന്‍ നിശ്ചയിച്ച രൂപകല്‍പ്പനയില്‍ നിന്ന് മാറി വാസ്തു വിദ്യയിലെ നഗരശൈലിയിലുള്ള ക്ഷേത്രമാണ് അയോധ്യയില്‍ ഉയരുക. 

100-120 ഏക്കര്‍ ഭൂമിയെങ്കിലും ഇതിനായി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള 70 ഏക്കറിന് പുറമെ, 30-50 ഏക്കര്‍ കൂടി ഏറ്റെടുക്കാനാണ് ശ്രീരാമ തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ നീക്കം. ഇതോടെ, കംബോഡിയയിലെ അങ്കോര്‍വാട്ട് ക്ഷേത്ര സമുച്ചയം(401 ഏക്കര്‍), തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ ക്ഷേത്രം(144 ഏക്കര്‍) എന്നിവയ്ക്ക് പിന്നാലെ ലോകത്തിലെ മൂന്നാമത്തെ ക്ഷേത്രമാവും അയോധ്യയിലേത്. 

5 താഴിക കുടങ്ങള്‍, മൂന്ന് നിലകള്‍ എന്നിങ്ങനെ 280 അടി വീതിയിലും, 300 അടി നീളത്തിലും, 161 അടി ഉയരത്തിലുമായി 84,000 ചതുരശ്രയടിയിലായാണ് ക്ഷേത്രം നിര്‍മിക്കുക. മൂന്ന് വര്‍ഷത്തിനകം ആദ്യ ഘട്ടം പൂര്‍ത്തിയാവും. പൂര്‍ണമായും പൂര്‍ത്തിയാവാന്‍ 10 വര്‍ഷം വേണം. രണ്ട് താഴിക കുടങ്ങളോടെ 140 അടി വീതിയും 268 അടി നീളവും 161 അടി ഉയരവുമുള്ള രണ്ട് നില ക്ഷേത്രമാണ് നേരത്തെ രൂപകല്‍പ്പനയില്‍ ഉണ്ടായിരുന്നത്. 

എന്നാല്‍ രാമക്ഷേത്രത്തിന് നേരത്തെ വിഭാവനം ചെയ്തതിനേക്കാള്‍ ഇരട്ടിയിലധികം വലിപ്പമുണ്ടാവുമെന്ന് ആദ്യ മാതൃക രൂപകല്‍പ്പന ചെയ്ത വാസ്തു ശില്‍പി ചന്ദ്ര്കാന്ത് സോംപുര പറഞ്ഞിരുന്നു. വിഎച്ച്പി നേതാന് അശോക് സിംഘല്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് 1983ല്‍ ചന്ദ്രകാന്ത് സോംപുര ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. 

ക്ഷേത്ര ഭൂമിയിലെ 9 ക്ഷേത്രങ്ങള്‍ രാമക്ഷേത്രത്തിനായി പൊളിച്ച് മാറ്റും. ആചാരവിധി പ്രകാരം ഇവിടുത്തെ വിഗ്രഹങ്ങള്‍ പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുമെന്നും, സന്യാസി സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചാണ് രൂപകല്‍പ്പനയിലെ മാറ്റമെന്നും വിഎച്ച്പി മേഖലാ വക്താവ് ശരത് ശര്‍മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com