അയോധ്യയിലെ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട ഒരു പൂജാരിക്ക് കൂടി കോവിഡ് ; ആശങ്കപ്പെടുത്തുന്നുവെന്ന് മുഖ്യപുരോഹിതന്‍

പ്രതിദിന പൂജകളില്‍ പങ്കെടുത്തുകൊണ്ടിരുന്ന പ്രേംകുമാര്‍ തിവാരി എന്ന പുരോഹിതനാണ് കോവിഡ് സ്ഥിരീകരിച്ചത്
അയോധ്യയിലെ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട ഒരു പൂജാരിക്ക് കൂടി കോവിഡ് ; ആശങ്കപ്പെടുത്തുന്നുവെന്ന് മുഖ്യപുരോഹിതന്‍

ലഖ്‌നൗ : അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമിപൂജ നാളെ നടക്കാനിരിക്കെ ഒരു പൂജാരിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമിയില്‍ പ്രതിദിന പൂജകളില്‍ പങ്കെടുത്തുകൊണ്ടിരുന്ന പ്രേംകുമാര്‍ തിവാരി എന്ന പുരോഹിതനാണ് കോവിഡ് സ്ഥിരീകരിച്ചത്. 

നേരത്തെ അയോധ്യയിലെ ഭൂമി പൂജ ചടങ്ങുകളിലേക്ക് നിയോഗിച്ചിരുന്ന പുരോഹിതന്മാരില്‍ ഉള്‍പ്പെട്ടിരുന്ന പ്രദീപ് ദാസിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം ഹോം ക്വാറന്റീനിലാണ്. 

ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ളവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. രണ്ടാമത്തെ പുരോഹിതനും കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിതി ആശങ്കാജനകമാണെന്ന് മുഖ്യപുരോഹിതന്‍ സത്യേന്ദ്ര ദാസ് അഭിപ്രായപ്പെട്ടു. 

നേരത്തെ അയോധ്യയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന മൂന്ന് ഫയര്‍ ഓഫീസര്‍മാര്‍ക്കും, 16 പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മുഖ്യ പുരോഹിതന്‍ അടക്കം ക്ഷേത്ര പുരോഹിതരെയും മറ്റുള്ളവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി വരികയാണെന്ന് ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകും നാളെ ഭൂമിപൂജ ചടങ്ങ് നടക്കുകയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ക്ഷണിക്കപ്പെട്ടവര്‍ മാത്രം ചടങ്ങിന് എത്തിയാല്‍ മതി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും യോഗി പറഞ്ഞു. 

വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, യു പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരാണ് ഉണ്ടാകുക. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വഹിക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com