കോവിഡിനിടെ മുംബൈയില്‍ ദുരിതപ്പെയ്ത്; പലഭാഗങ്ങളും വെളളത്തിനടിയില്‍, ഓഫീസുകള്‍ക്ക് അവധി, റെഡ് അലര്‍ട്ട് (വീഡിയോ)

കോവിഡിനിടെ മുംബൈയില്‍ ദുരിതപ്പെയ്ത്; പലഭാഗങ്ങളും വെളളത്തിനടിയില്‍, ഓഫീസുകള്‍ക്ക് അവധി, റെഡ് അലര്‍ട്ട് (വീഡിയോ)

തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയില്‍ മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളും വെളളത്തിന്റെ അടിയിലായി

മുംബൈ: തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയില്‍ മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളും വെളളത്തിന്റെ അടിയിലായി. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇന്നും നാളെയും അതി തീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ആഴ്ചകള്‍ക്ക് മുന്‍പും സമാനമായ സാഹചര്യം മുംബൈ നഗരം നേരിട്ടിരുന്നു. അന്ന് കനത്ത മഴയില്‍ നിരവധി ഭാഗങ്ങളാണ് വെളളത്തിന്റെ അടിയിലായത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ തുടര്‍ച്ചയായി കനത്തമഴ പെയ്യുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുളള മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മുംബൈയ്ക്ക് പുറമേ താനെ,പുനെ, റായ്ഗഡ്, രത്‌നഗിരി എന്നി മഹാരാഷ്ട്രയിലെ പ്രമുഖ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം ഓഫീസുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ബസുകള്‍ വഴിതിരിച്ചുവിടുകയാണ്. കിംഗ് സര്‍ക്കിള്‍, ദാദര്‍, ശിവാജിചൗക്ക്, കുര്‍ള എസ്ടി ഡെപ്പോ, ബാന്ദ്ര ടാക്കീസ് തുടങ്ങി പ്രമുഖ നഗരഭാഗങ്ങളിലെ റോഡുകളില്‍ എല്ലാം വെളളക്കെട്ട് രൂക്ഷമാണ്. മലാഡ് മേഖലയില്‍ മലയിടിച്ചിലും രൂക്ഷമാണ്. ഇന്നലെ രാവിലെ എട്ടുമണി മുതല്‍ ഇന്ന് രാവിലെ ആറു മണി വരെയുളള സമയത്ത് മുംബൈ നഗരത്തില്‍ 230 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. 

മഹാരാഷ്ട്ര തീരങ്ങളില്‍ കനത്ത കാറ്റും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. നാളെയും വ്യാഴാഴ്ചയും കനത്ത കാറ്റ് വീശിയടിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്ത് മുംബൈ നഗരത്തില്‍ വെളളപ്പൊക്കം പതിവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com