ഡല്‍ഹി തിരിച്ചുകയറുന്നു; ഇന്ന് 674 കേസുകള്‍ മാത്രം; അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഡല്‍ഹിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 674 പേര്‍ക്ക്
ഡല്‍ഹി തിരിച്ചുകയറുന്നു; ഇന്ന് 674 കേസുകള്‍ മാത്രം; അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 674 പേര്‍ക്ക്. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 10,000ത്തില്‍ താഴെയായി.  9,897 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍. ഇതില്‍തന്നെ 5,000ത്തില്‍ അധികം ആളുകള്‍ വീടുകളിലാണ് നീരിക്ഷണത്തിലുള്ളത്. 12 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടു ചെയ്തു. 

രോഗവ്യാപനം കുറഞ്ഞതില്‍ ഡല്‍ഹിക്കാരെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തു. 'നിലവില്‍ ഡല്‍ഹിയിലെ ആക്ടീവ് കേസുകള്‍ 10,000ത്തില്‍ താഴെയാണ്. ആക്ടീവ് കേസുകളുടെ കാര്യത്തില്‍ 14ാം സ്ഥാനത്താണ് ഡല്‍ഹി ഇപ്പോള്‍. മരണവും 12 ലേക്ക് കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡല്‍ഹിക്കാരെ ഓര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങളുടെ ഡല്‍ഹി മോഡല്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍, അലംഭാവം കാട്ടരുതെന്നും കോവിഡിനെതിരെ എല്ലാ മുന്‍കരുതലും സ്വീകരിക്കണം' കെജ് രിവാള്‍ ട്വീറ്റ് ചെയ്തു. 

അതിനിടെ, വൈറസ് വ്യാപനം പ്രവചനാതീതമാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഒരു മാസംകൂടി കഴിയുമ്പോള്‍ ഡല്‍ഹിയിലെ സ്ഥിതി ഏത് വിധത്തിലായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. വാക്‌സിന്‍ ലഭ്യമാകുംവരെ മാസ്‌ക് ധരിക്കലും, സാമൂഹ്യ അകലം പാലിക്കലും, ശുചിത്വവും കര്‍ശനമായി പാലിക്കണമെന്നും കെജരിവാള്‍ നിര്‍ദ്ദേശിച്ചു. 

674 പേര്‍ക്കുകൂടി ഇന്ന് കോവിഡ് ബാധിച്ചതോടെ ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,39,156 ആയി. 12 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണം 4033 ആയി. 972 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തര്‍ 1,25,226 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com