ഭൂമിപൂജയ്ക്ക് മണ്ണെടുത്തത് 2000 തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്ന്, ഗംഗ ഉള്‍പ്പെടെ നൂറ് നദികളില്‍ നിന്ന് വെളളം; ചടങ്ങിന്റെ ഭാഗമായി ഏഴ് കല്ലുകള്‍ (വീഡിയോ)

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുളള ഭൂമിപൂജയ്ക്ക് ആവശ്യമായ മണ്ണ് എടുത്തത് രാജ്യത്തെ 2000 തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്ന്.
ഭൂമിപൂജയ്ക്ക് മണ്ണെടുത്തത് 2000 തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്ന്, ഗംഗ ഉള്‍പ്പെടെ നൂറ് നദികളില്‍ നിന്ന് വെളളം; ചടങ്ങിന്റെ ഭാഗമായി ഏഴ് കല്ലുകള്‍ (വീഡിയോ)

ലക്‌നൗ:  അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുളള ഭൂമിപൂജയ്ക്ക് ആവശ്യമായ മണ്ണ് എടുത്തത് രാജ്യത്തെ 2000 തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്ന്. ചടങ്ങുകള്‍ക്ക് ആവശ്യമായ വെളളം രാജ്യത്തെ പ്രധാനപ്പെട്ട നൂറ് നദികളില്‍ നിന്നുമാണ് ശേഖരിച്ചത്.

പുതിയ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശിലയിട്ടത്. 12.15ന് ശിലാസ്ഥാപനത്തിന് മുന്നോടിയായുളള ഭൂമിപൂജ ചടങ്ങുകള്‍ തുടങ്ങി. പ്രധാനമന്ത്രി പൂജാ ചടങ്ങുകളില്‍ പൂര്‍ണമായി സംബന്ധിച്ചു. മന്ത്രോച്ചാരണ മുഖരിതമായ വേദിയില്‍ പ്രധാനമന്ത്രി വെളളിശില പാകിയാണ് രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്.

ഭൂമിപൂജയുടെ ഭാഗമായി ഏഴ് കല്ലുകളാണ് തെരഞ്ഞെടുത്തത്. 1989ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ അയച്ച കല്ലുകളാണ് ഇതിനായി തെരഞ്ഞെടുത്തത്. രാമക്ഷേത്രനിര്‍മ്മാണത്തിനായി രണ്ടേമുക്കാല്‍ ലക്ഷം കല്ലുകളാണ് വിശ്വാസികള്‍ കൊടുത്തുവിട്ടത്. ഇതില്‍ നൂറ് കല്ലുകളില്‍ ജയ് ശ്രീറാം എന്ന് കൊത്തിവെച്ചിട്ടുണ്ട്.ആഘോഷപരിപാടികളുടെ ഭാഗമായി ശ്രീ രാം ജന്മഭൂമി മന്ദിര്‍ എന്ന പേരിലുളള സ്റ്റാമ്പ് പ്രധാനമന്ത്രി പുറത്തിറക്കി.

വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.  40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിച്ചത്. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റി

ഭൂമി പൂജ, ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനായി അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആദ്യം ഹനുമാന്‍ഗഢി ക്ഷേത്രമാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. അവിടെ വെള്ളി കിരീടം സമര്‍പ്പിച്ച ശേഷം രാം ലല്ല വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തിലും ദര്‍ശനം നടത്തി.

തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നട്ടു. ഇതിന് ശേഷമാണ് ഭൂമിപൂജ ചടങ്ങുകള്‍ ആരംഭിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ് എന്നിവരാണ് മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തത്. 173 ഓളം അതിഥികളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. ക്ഷണിതാക്കളില്‍ 135 പേര്‍ മതനേതാക്കളാണ്.  കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവര്‍ക്കും ഇരിപ്പിടമൊരുക്കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com