12 മണിക്കൂര്‍ നിര്‍ത്താതെ മഴ; പെയ്തിറങ്ങിയത് 294 മില്ലിമീറ്റര്‍, പേമാരിയില്‍ ഒലിച്ചുപോയത് 46 വര്‍ഷത്തെ ചരിത്രം; പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്  (വീഡിയോ)

12 മണിക്കൂര്‍ നിര്‍ത്താതെ മഴ; പെയ്തിറങ്ങിയത് 294 മില്ലിമീറ്റര്‍, പേമാരിയില്‍ ഒലിച്ചുപോയത് 46 വര്‍ഷത്തെ ചരിത്രം; പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്  (വീഡിയോ)

46 വര്‍ഷം മുന്‍പാണ് നഗരത്തെ നിശ്ചലമാക്കി ഇത്തരത്തില്‍ മഴ പെയ്തത്

മുംബൈ: മുംബൈ നഗരത്തില്‍ പെയ്തത് തോര്‍ന്നത് റെക്കോര്‍ഡ് മഴ. 46 വര്‍ഷം മുന്‍പാണ് നഗരത്തെ നിശ്ചലമാക്കി ഇത്തരത്തില്‍ മഴ പെയ്തത്. 12 മണിക്കൂറോളം നേരം മഴ നിര്‍ത്താതെ പെയ്തതോടെ 294 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മുംബൈയിലും സമീപ ജില്ലകളായ താനെ, പാല്‍ഘര്‍ എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നത്. പശ്ചിമ മഹാരാഷ്ട്രയിലെ പുണെ, സത്താറ, കോലാപുര്‍ ജില്ലകളിലും കനത്ത മഴ ലഭിച്ചു.

മഴയ്‌ക്കൊപ്പം വീശിയ കാറ്റും ഭീതി പരത്തി. സിഎസ്എംടി, കുര്‍ള മേഖലകളിലെ മുനിസിപ്പല്‍ സ്‌കൂളുകളില്‍ ബിഎംസി അഭയകേന്ദ്രങ്ങള്‍ ഒരുക്കി. പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. മിക്ക ആശുത്രികളിലും വെള്ളം കയറിയിട്ടുണ്ട്. നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു വീണു. കനത്തനാശനഷ്ടമാണ് മഴയില്‍ ഉണ്ടായത്.

ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായത് അവശ്യസേവന വിഭാഗങ്ങളെ വലച്ചു. പലരും സ്‌റ്റേഷനുകളില്‍ കുടുങ്ങി. ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മധ്യറെയില്‍വേയുടെ ഹാര്‍ബര്‍ ലൈനില്‍ സിഎസ്എംടിവാശി സ്‌റ്റേഷനുകള്‍ക്കിടയില്‍ ലോക്കല്‍ സര്‍വീസ് നിര്‍ത്തിവച്ചു. മധ്യറെയില്‍വേയുടെ മെയിന്‍ ലൈനില്‍ സിഎസ്എംടികുര്‍ള സ്‌റ്റേഷനുകള്‍ക്കിടയിലും പശ്ചിമ റെയില്‍വേ പാതയില്‍ ചര്‍ച്ച്‌ഗേറ്റിനും മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനുകള്‍ക്കിടയിലും സര്‍വീസുകള്‍ നിര്‍ത്തിവച്ചു. 

അവശ്യസേവന വിഭാഗങ്ങള്‍ക്കായി പ്രതിദിനം 350 ലോക്കല്‍  സര്‍വീസുകളാണ് ഓടുന്നത്. ബിഎംസി ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ ലോക്കലുകളെയാണ്. റോഡുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ ബസ് സര്‍വീസുകളും ഇഴഞ്ഞു. മുപ്പതോളം റൂട്ടുകളില്‍ ബസുകള്‍ വഴിതിരിച്ചുവിട്ടെന്ന് ബെസ്റ്റ് ബസ് വക്താവ് അറിയിച്ചു. ചെമ്പൂര്‍, പരേല്‍, ഹിന്ദ്മാത, വഡാല തുടങ്ങിയ താണ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ജനങ്ങളെ ദുരിതത്തിലാക്കി.

കനത്ത മഴ ഇന്നും തുടരുന്നതിനാല്‍ ജനം വീടുകളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.കോര്‍പറേഷനുകള്‍, റെയില്‍വേ, പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, ദേശീയ ദുരന്തനിവാരണ സേന എന്നിവയും ജാഗ്രത പാലിക്കണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.മുംബൈ, താനെ പാല്‍ഘര്‍ ജില്ലകളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊങ്കണ്‍ മേഖലയ്ക്കു പുറമെ മധ്യ മഹാരാഷ്ട്ര, മറാഠ്‌വാഡ മേഖലകളിലും കനത്ത മഴ ലഭിച്ചേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com