കോരിച്ചൊരിഞ്ഞ് മഴ ; ജലനിരപ്പുയര്‍ന്നു, അണക്കെട്ടുകള്‍ തുറന്നുവിട്ട് കര്‍ണാടക, ജാഗ്രതാനിര്‍ദേശം

വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി
കോരിച്ചൊരിഞ്ഞ് മഴ ; ജലനിരപ്പുയര്‍ന്നു, അണക്കെട്ടുകള്‍ തുറന്നുവിട്ട് കര്‍ണാടക, ജാഗ്രതാനിര്‍ദേശം

ബംഗലൂരു : കര്‍ണാടകയില്‍ കനത്ത മഴ തുടരുകയാണ്. കൊടക്, ചിക് മംഗളൂരു, മൈസൂരു, ഹാസന്‍, ഗോകര്‍ണം തുടങ്ങിയ ജില്ലകളിലെല്ലാം കനത്ത മഴയാണ്. തീരദേശ ജില്ലകളായ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലും  മഴ കനത്ത നാശം വിതച്ചു. ഇതേത്തുടര്‍ന്ന് മിക്ക നദികളിലും വെള്ളം അപകടരേഖയ്ക്കും മുകളിലാണ്. 

വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ മിക്ക അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നു. സംഭരണശേഷിയിലധികം ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഏതാനും ഡാമുകള്‍ തുറന്നു. കാളിനദി, കന്ദ്ര നദീ തീരങ്ങളിലെ പ്രളയസാധ്യത ഒഴിവാക്കാനായാണ് ഉത്തരകന്നഡയിലെ വലിയ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. 

വരും ദിവസങ്ങളിലും കര്‍ണാടകയില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. നിരവധി ജില്ലകളില്‍ റെഡ് അലെര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ കര്‍ണാടകയിലും മഴ ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com