എന്തുവന്നാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും, രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കും: പ്രധാനമന്ത്രി 

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
എന്തുവന്നാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും, രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കും: പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോഴത്തെയും ഭാവിയിലെയും തലമുറകളെ ഭാവിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പാകപ്പെടുത്തി എടുക്കുക എന്നതാണ് പുതിയ വിദ്യാഭ്യാസം നയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഘടനാപരമായ പരിഷ്‌കാരം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

ദേശീയ വിദ്യാഭ്യാസ നയം പക്ഷപാതിത്വം നിറഞ്ഞതാണ് എന്ന് പറഞ്ഞ് കൊണ്ട് ആരും തന്നെ രംഗത്തുവരാതിരുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ഇപ്പോഴത്തെയും ഭാവിയിലെയും തലമുറകളെ ഭാവിക്ക് അനുസൃതമായി പാകപ്പെടുത്തി എടുക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ രാജ്യങ്ങളും വിദ്യാഭ്യാസത്തെ ദേശീയ താത്പര്യത്തോട് ചേര്‍ത്തുനിര്‍ത്തുന്നതാണ് പതിവ്. ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുകയാണ് നയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളിലായി വിപുലമായ തോതില്‍ നടന്ന സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ഇതിന് അംഗീകാരം നല്‍കിയത്. വിവിധ കോണുകളിലും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിലുമുളള നിരവധിപ്പേരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് ഇതിന് രൂപം നല്‍കിയത്. ആരോഗ്യപരമായ സംവാദമാണ് നടന്നത്. 

ഇത്രയും വലിയ പരിഷ്‌കാരം എങ്ങനെ നടപ്പാക്കും എന്നതിനെ കുറിച്ച് ചിലര്‍ സംശയം ഉന്നയിച്ചു. എല്ലാവരും ഉറ്റുനോക്കുന്നതും അത് തന്നെയാണ്. ഇത് നടപ്പാക്കുന്നതില്‍ എല്ലാവര്‍ക്കും നിര്‍ണായക പങ്കുണ്ട്. ഇത് നടപ്പാക്കാന്‍ ആവശ്യമായ രാഷ്ട്രീയ ഇച്ഛാശക്തി താന്‍ പ്രകടിപ്പിക്കുമെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com