അയോധ്യയിലെ പള്ളി നിര്‍മാണം; ഉദ്ഘാടനത്തിന് യോഗിയെ ക്ഷണിക്കും

അയോധ്യയിലെ പള്ളി നിര്‍മാണം; ഉദ്ഘാടനത്തിന് യോഗിയെ ക്ഷണിക്കും
അയോധ്യയിലെ പള്ളി നിര്‍മാണം; ഉദ്ഘാടനത്തിന് യോഗിയെ ക്ഷണിക്കും

ലഖ്‌നൗ: അയോധ്യയിലെ ധനിപുരി ഗ്രാമത്തില്‍ നിര്‍മിക്കാനൊരുങ്ങുന്ന പുതിയ പള്ളിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ക്ഷണിക്കുമെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. അയോധ്യ തര്‍ക്ക വിഷയം ഒത്തുതീര്‍പ്പാക്കി സുപ്രീം കോടതി അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മാണത്തിനായി വിട്ടുനല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പള്ളി നിര്‍മാണത്തിനായി ധനിപുരിയില്‍ അഞ്ച് ഏക്കര്‍ സ്ഥലം വഖഫ് ബോര്‍ഡിന് നല്‍കിയത്. ഈ സ്ഥലത്താണ് പുതിയ പള്ളി നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. 

സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് ഈ സ്ഥലത്ത് പള്ളി പണിയും. ഒപ്പം പൊതുജന സേവന കേന്ദ്രങ്ങളും പണിയുന്നുണ്ട്. ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, ഗവേഷണ കേന്ദ്രം എന്നിവയും പണിയാന്‍ പദ്ധതിയുണ്ട്. ഈ പൊതുജന സേവന കേന്ദ്രങ്ങളുടെ തറക്കല്ലിടലിനാണ് യോഗിയെ ക്ഷണിക്കുന്നതെന്ന് ഇന്തോ- ഇസ്ലാമിക് ഫൗണ്ടേഷന്‍ സെക്രട്ടറി അതര്‍ ഹുസൈന്‍ വ്യക്തമാക്കി. 

ഇസ്ലാമിലെ നാല് ചിന്താധാരകളായ ഹനഫി, ഹന്‍ബലി, ഷാഫി, മാലികി എന്നിവ അനുസരിച്ച് പള്ളിക്ക് പ്രത്യേകമായി ഒരു തറക്കല്ലിടല്‍ കര്‍മം ഇല്ല. അതിനാല്‍ ആദിത്യനാഥ് പള്ളി നിര്‍മാണത്തിന്റെ ആരംഭ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അതര്‍ ഹുസൈന്‍ പറയുന്നു. പുതിയ പള്ളിക്ക് ബാബരി മസ്ജിദ് എന്ന് തന്നെയായിരിക്കും പേരെന്നും മറ്റൊരു പേരിന്റെ ആവശ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പേര് അതുതന്നെ മതിയെന്ന് തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേരത്തെ അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് യോഗി നിലപാടു വ്യക്തമാക്കിയത്.

അയോധ്യയിലെ ക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ മുന്‍നിരയില്‍ നിന്നത് മുഖ്യമന്ത്രിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പള്ളിയുടെ ചടങ്ങിലും പങ്കെടുക്കുമോയെന്ന് ചോദ്യം ഉയര്‍ന്നത്. പള്ളിയുടെ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് യോഗി പറഞ്ഞു. യോഗി എന്ന നിലയിലും ഹിന്ദു എന്ന നിലയിലും പള്ളിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്കാവില്ലെന്ന് ആദിത്യനാഥ് പറഞ്ഞു. അവര്‍ പള്ളി നിര്‍മാണത്തിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കുമെന്ന് കരുതുന്നില്ലെന്നും യോഗി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com