ഗെഹ്‌ലോട്ടിനെ പേടി; ബിജെപി ആറ് എംഎല്‍എമാരെക്കൂടി ഗുജറാത്തിലേക്ക് മാറ്റി, തീര്‍ത്ഥാടനത്തിന് പോയെന്ന് വിശദീകരണം

രാജസ്ഥാന്‍ നിയമസഭ സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബിജെപി തങ്ങളുടെ ആറ് എംഎല്‍എമാരെക്കൂടി ഗുജറാത്തിലെ പോര്‍ബന്തറിലേക്ക് മാറ്റി
ഗെഹ്‌ലോട്ടിനെ പേടി; ബിജെപി ആറ് എംഎല്‍എമാരെക്കൂടി ഗുജറാത്തിലേക്ക് മാറ്റി, തീര്‍ത്ഥാടനത്തിന് പോയെന്ന് വിശദീകരണം


ജയ്പുര്‍:രാജസ്ഥാന്‍ നിയമസഭ സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബിജെപി തങ്ങളുടെ ആറ് എംഎല്‍എമാരെക്കൂടി ഗുജറാത്തിലെ പോര്‍ബന്തറിലേക്ക് മാറ്റി. കോണ്‍ഗ്രസിലെ അശോക് ഗെഹ്‌ലോട്ട് വിഭാഗം തങ്ങളുടെ എംഎല്‍എമാരെ സ്വാധീനിക്കുമെന്ന് ഭയന്നാണ് ഇവരെ പോര്‍ബന്തറിലേക്ക് മാറ്റിയത് എന്നാണ് വിവരം. ജയ്പുരില്‍ നിന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലാണ് ഇവര്‍ ഗുജറാത്തിലേക്ക് തിരിച്ചത്.

പോര്‍ബന്തറിലെ ആഡംബര റിസോര്‍ട്ടിലായിരിക്കും എംഎല്‍എമാര്‍ കഴിയുക. ഇവര്‍ സോമനാഥ ക്ഷേത്രം സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. ഇതുവരെ 23 എംഎല്‍എമാരെയാണ് ബിജെപി ഗുജറാത്തിലേക്ക് അയച്ചിരിക്കുന്നത്. അതില്‍ 18 പേര്‍ പോര്‍ബന്തറിലാണ്. 

അശോക് ഗെഹ്‌ലോട്ട് വിഭാഗം ബിജെപി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ഭയത്തില്‍ 40 എംഎല്‍എമാരെ ഗുജറാത്തിലേക്ക് മാറ്റുമെന്ന് ബിജെപിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. 

ബിജെപി എംഎല്‍എമാരെ പൊലീസും ഭരണകൂടവും ഉപദ്രവിക്കുകയാണെന്നും അതിനാല്‍ എംഎല്‍എമാര്‍ സ്വമേധയാ തീര്‍ഥാടനത്തിന് പോവുകയാണെന്നും ആറുനിയമസഭാംഗങ്ങളോടൊപ്പം ജയ്പുര്‍ വിമാനത്താവളത്തിലെത്തിയ ബിജെപി എംഎല്‍എ അശോക് ലഹോതി പറഞ്ഞു. 
നിര്‍മല്‍ കുമാവത്, ഗോപിചന്ദ് മീണ, ജബ്ബാര്‍ സിങ് ശന്‍ഖഌ ധരംവീര്‍ മോചി, ഗോപാല്‍ ലാല്‍ ശര്‍മ, ഗുര്‍ദീപ് സിങ് ഷാഹ്പിനി എന്നിവരാണ് പോര്‍ബന്തറിലേക്ക് യാത്രതിരിച്ചത്. 

രാജസ്ഥാനില്‍ ബിജെപിക്ക് 72 എംഎല്‍എമാരാണ് ഉളളത്. അശോക ഗെഹ്‌ലോട്ട് സച്ചിന്‍ പൈലറ്റും തമ്മിലുളള രാഷ്ട്രീയ ഭിന്നതകളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. ഓഗസ്റ്റ് 14നാണ് രാജസ്ഥാനില്‍ നിയമസഭാസമ്മേളനം ആരംഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com