തിരുപ്പതിയില്‍ 743 ജീവനക്കാര്‍ക്ക് കോവിഡ്; 402 പേര്‍ രോഗമുക്തി നേടിയതായി ക്ഷേത്രം ദേവസ്ഥാനം

തിരുമല തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിരുപ്പതി ദേവസ്ഥാനം
തിരുപ്പതിയില്‍ 743 ജീവനക്കാര്‍ക്ക് കോവിഡ്; 402 പേര്‍ രോഗമുക്തി നേടിയതായി ക്ഷേത്രം ദേവസ്ഥാനം

തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിരുപ്പതി ദേവസ്ഥാനം. ഇതില്‍ 402 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ട ശേഷം തിരിച്ച് ജോലിയില്‍ പ്രവേശിച്ചു. 338 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിയുന്നതായും മൂന്ന് ജീവനക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായും തിരുപ്പതി ദേവസ്ഥാനം അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടത്. കോവിഡ് കെയര്‍ സെന്ററുകളില്‍ ജീവനക്കാര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കിവരുന്നതെന്നും ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനില്‍കുമാര്‍ സിങ് അറിയിച്ചു.

ജൂണ്‍ 11നാണ് ക്ഷേത്രത്തില്‍ ദര്‍ശനം പുനരാരംഭിച്ചത്. തുടക്കത്തില്‍ കോവിഡ് മാാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനം അനുവദിച്ചതിനെ എല്ലാവരും സ്വാഗതം ചെയ്തു. കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെട്ടതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പണം ഉണ്ടാക്കാന്‍ മാത്രമാണ് ക്ഷേത്രം തുറന്നത് എന്ന തരത്തില്‍ ചില സ്ഥാപിത താത്പര്യക്കാരാണ് പ്രചാരണം അഴിച്ചുവിട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് തുകയില്‍ നല്ലൊരു ഭാഗവും ചെലവഴിച്ചത്. ദര്‍ശനത്തിനും മറ്റുമായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ ഭക്തര്‍ സംതൃപ്തി രേഖപ്പെടുത്തിയതായും അനില്‍കുമാര്‍ സിങ് പറഞ്ഞു.

ജൂലൈയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2.38 ഭക്തരാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. കോവിഡ് ബാധിച്ച ക്ഷേത്രത്തിലെ ജീവനക്കാരുടെ ചികിത്സയ്ക്കായി ടിടിഡി റസ്റ്റ് ഹൗസുകള്‍ കോവിഡ് കെയര്‍ സെന്ററുകള്‍  ആക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com