നിധി തിരഞ്ഞ് 600 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കുഴിച്ചു, തൂണുവീണ് യുവാവിന് ദാരുണാന്ത്യം

നിധി തിരഞ്ഞ് 600 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കുഴിച്ചു, തൂണുവീണ് യുവാവിന് ദാരുണാന്ത്യം

ക്ഷേത്രത്തിന്റെ തറ കുഴിക്കുന്നതിനിടെ തൂണുകളും കരിങ്കല്‍പ്പാളികളും അടര്‍ന്നു വീഴുകയായിരുന്നു.


ബംഗളൂരു: നിധി തിരഞ്ഞ് 600 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ കുഴിയെടുക്കുന്നതിന് ഇടയില്‍ യുവാവ് കരിങ്കല്‍ തൂണ് വീണ് മരിച്ചു. മൂന്നു പേര്‍ക്ക് കരിങ്കല്‍പ്പാളികള്‍ അടര്‍ന്നുവീണ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒന്‍പതംഗ സംഘമാണ് നിധി തേടി ക്ഷേത്രത്തില്‍ കുഴിയെടുത്തത്. 

 5 പേര്‍ സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച രാത്രി മൂന്നുമണിയോടെയാണ് സംഭവം. ക്ഷേത്രത്തിന്റെ തറ കുഴിക്കുന്നതിനിടെ തൂണുകളും കരിങ്കല്‍പ്പാളികളും അടര്‍ന്നു വീഴുകയായിരുന്നു. ഹൊസ്‌കോട്ട ഹിന്‍ഡിഗാനല ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് നിധി തേടി സംഘമെത്തിയത്.

പ്രദേശവാസിയായ സുരേഷ് (23) ആണ് മരിച്ചത്. ഇയാളുടെ കൂട്ടാളികളായ ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യന്‍രാജരത്‌ന എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നതിന് പിന്നാലെ ആംബുലന്‍സ് വിളിച്ച് വരുത്തിയ ശേഷമാണ് മറ്റുള്ള അഞ്ചുപേര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ആംബുലന്‍സ് െ്രെഡവര്‍ എത്തിയപ്പോഴാണ് തകര്‍ന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ യുവാക്കള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമായതിനാല്‍ ക്ഷേത്രത്തിന്റെ തറയ്ക്കുതാഴെ നിധിയുണ്ടെന്ന് കാലങ്ങളായി ഗ്രാമവാസികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. മൂന്നു മാസം മുമ്പ് ഇതേക്ഷേത്രത്തില്‍ കുഴിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ചില വിഗ്രഹങ്ങള്‍ മോഷണംപോകുകയും ചെയ്തു.

 അടിത്തറയിളകിയതോടെ തൂണുകളും കല്‍പ്പാളികളും താഴേക്ക് പതിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഒമ്പതംഗസംഘം ഏറെക്കാലമായി നിധിവേട്ട ലക്ഷ്യമിട്ട് പ്രദേശം നിരീക്ഷിച്ചിരുന്നതായാണ് പൊലീസിന്റെ നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com