ഇഐഎ ഡ്രാഫ്റ്റിന് എതിരെയുള്ള എതിര്‍പ്പ് അപക്വവും അനാവശ്യവും; രാഹുലിന് എതിരെ പ്രകാശ് ജാവഡേക്കര്‍

രണത്തിലിരുന്നപ്പോള്‍ കൂടിയാലോചനകള്‍ ഇല്ലാതെ വലിയ തീരുമാനങ്ങള്‍ എടുത്തവരാണ് പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന്എതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി 
ഇഐഎ ഡ്രാഫ്റ്റിന് എതിരെയുള്ള എതിര്‍പ്പ് അപക്വവും അനാവശ്യവും; രാഹുലിന് എതിരെ പ്രകാശ് ജാവഡേക്കര്‍

ന്യൂഡല്‍ഹി: ഭരണത്തിലിരുന്നപ്പോള്‍ കൂടിയാലോചനകള്‍ ഇല്ലാതെ വലിയ തീരുമാനങ്ങള്‍ എടുത്തവരാണ് പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന് (ഇഐഎ ഡ്രാഫ്റ്റ് 2020) എതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

' ഇഐഎ ഡ്രാഫ്റ്റിന് എതിരെയുള്ള ചില നേതാക്കളുടെ പ്രതികരണം നോക്കൂ, അവര്‍ക്കെങ്ങനെ കരടിന് എതിരെ പ്രതിഷേധിക്കാന്‍ സാധിക്കും? ഇതൊരു അന്തിമ കരടല്ല. 150 ദിവസം ജനഹിതം അറിയാനായി മാറ്റിവച്ചിരിക്കുകയാണ്. ഇത് കോവിഡ് 19 കാരണമാണ്. അല്ലെങ്കില്‍ നിയമമനുസരിച്ച് 60 ദിവസമാണ് നല്‍കുന്നത്'- ജാവഡേക്കര്‍ പറഞ്ഞു.

'ഞങ്ങള്‍ക്ക് ലഭിക്കുന്ന ആയിരത്തോളം നിര്‍ദേശങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കുകയാണ്. ആ നിര്‍ദേശങ്ങളും ഞങ്ങള്‍ പരിഗണിക്കും. അതിന് ശേഷം മാത്രമേ അന്തിമ കരട് തയ്യാറാക്കുകയുള്ളു. ഡ്രാഫ്റ്റിന് എതിരെ ബഹളം വെയ്ക്കുന്നത് ശരിയായ നിലപാടല്ല.'- അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം അപക്വവും അനാവശ്യവുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

പരിസ്ഥിതി നാശം തടയുന്നതിനായി ഇഐഎ ഡ്രാഫ്റ്റ് പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ കൊള്ളയടിക്കാനായാണ് ഡ്രാഫ്റ്റ് കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ വിവിധ വിഭവങ്ങള്‍ കൊള്ളയടിക്കുന്ന ബിജെപിയുടെ ചില സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് വിജ്ഞാപനം കൊണ്ടുവന്നതെന്ന് അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിവിധ പദ്ധതികള്‍ക്ക് പാരിസ്ഥിതിക പഠനം നല്‍കാതെ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് വിജ്ഞാപനം. പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തില്‍, പൊതു അഭിപ്രായം തേടിയിരുന്നു. വിജ്ഞാപനത്തിന് എതിരെ രാജ്യത്ത് വലിയ ക്യാമ്പയിനാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഓഗസ്റ്റ് 12വരെയാണ് ജനങ്ങള്‍ക്ക് വിജ്ഞാപനത്തില്‍ പ്രതികരണം രേഖപ്പെടുത്താന്‍ സമയം അനുവദിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com