22കാരന്‍ ചികിത്സയിലിരിക്കേ മരിച്ചു, മോര്‍ച്ചറിയില്‍ നിന്ന് 65കാരന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യം; അച്ഛന്റെ പ്രതിഷേധം, ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ചികിത്സയിലിരിക്കേ മരിച്ച 22കാരന്റെ മൃതദേഹത്തിന് പകരം 65കാരന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍:  മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച. ചികിത്സയിലിരിക്കേ മരിച്ച 22കാരന്റെ മൃതദേഹത്തിന് പകരം 65കാരന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. 22 കാരന്റെ മൃതദേഹം പ്രാദേശിക ഭരണകൂടം സംസ്‌കരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതായി 22കാരന്റെ അച്ഛന്‍ പറയുന്നു.

മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ചികിത്സയിലിരിക്കേ മരിച്ച 22 കാരന്റെ മൃതദേഹത്തിന് പകരം മോര്‍ച്ചറിയില്‍ നിന്ന് മറ്റൊരു മൃതദേഹം ഏറ്റെടുക്കാനുളള ആശുപത്രി അധികൃതരുടെ നിര്‍ദേശത്തില്‍ കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മകന്റെ മൃതദേഹം പ്രാദേശിക ഭരണകൂടം സംസ്‌കരിച്ചു എന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞതെന്ന് അച്ഛന്‍ രാംവിശാല്‍ കുശ്‌വാഹ പറയുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെയാണ് നടപടി എടുത്തത്.

ഓഗസ്റ്റ് 3നാണ് ചികിത്സ തേടി 22കാരന്‍ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോവിഡ് കെയര്‍ സെന്ററിലേക്ക്് യുവാവിനെ മാറ്റി. അതിന് ശേഷം മകന്റെ ചികിത്സയെ കുറിച്ചുളള വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ലെന്ന് പിതാവ് ആരോപിക്കുന്നു. തുടര്‍ന്ന് മൂന്നുനാലു ദിവസം കഴിഞ്ഞ് ആശുപത്രിയില്‍ പോയി അന്വേഷിച്ചപ്പോള്‍ മകന്‍ മരിച്ചുപോയി എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. മോര്‍ച്ചറിയില്‍ പോയി മകന്റെ മൃതദേഹം തിരിച്ചറിയാനും ആവശ്യപ്പെട്ടു.

ബാഗ് തുറന്ന് നോക്കിയപ്പോള്‍ മകന്റെ മൃതദേഹത്തിന് പകരം 65 വയസുകാരന്റെ മൃതദേഹമാണ് കണ്ടത്. എന്നാല്‍ ടാഗിന്റെ സ്ഥാനത്ത് മകന്റെ പേരാണ് കൊടുത്തിരുന്നത്. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബം പ്രതിഷേധിച്ചു. ഇതുവരെ മകന്റെ കോവിഡ് പരിശോധനാ ഫലം പോലും ലഭിച്ചിട്ടില്ലെന്നും അച്ഛന്‍ ആരോപിക്കുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ രേവാ ഡിവിഷന്‍ കമ്മീഷണര്‍ ഉത്തരവിട്ടു. മകന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ തന്നെയായിരിക്കും സംസ്‌കരിച്ചതെന്നും അച്ഛന്‍ രാംവിശാല്‍ കുശ്‌വാഹ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com