ചാർജ് ചെയ്യാൻ വെച്ച മൊബൈൽ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു ; അമ്മയും രണ്ട് മക്കളും വെന്തുമരിച്ചു

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സമീപത്തെ സോഫയ്ക്ക് തീപിടിക്കുകയും തുടർന്ന് വീട്ടിലെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയുമായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അമ്മയും രണ്ടു കുട്ടികളും മരിച്ചു. തമിഴ്നാട്ടിലെ  കരൂർ ജില്ലയിൽ റായന്നൂരിലെ മുത്തുലക്ഷ്മി (29), രക്ഷിത് (നാല്), ദീക്ഷിത് (രണ്ട്) എന്നിവരാണ് മരിച്ചത്. വീട്ടിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ച് തീപിടിച്ചത്. 

ഞായറാഴ്ച രാത്രി ചാർജ് ചെയ്യാൻ വെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സമീപത്തെ സോഫയ്ക്ക് തീപിടിക്കുകയും തുടർന്ന് വീട്ടിലെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയുമായിരുന്നു. നിലവിളികേട്ട്  ഓടിയെത്തിയ അയൽക്കാർ കതക് തകർത്ത് വീടിനുള്ളിൽ കടന്നെങ്കിലും മുത്തുലക്ഷ്മി മരിച്ചിരുന്നു. കുട്ടികൾ കരൂർ ജില്ലാ ആശുപത്രിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. 

മൊബൈൽ ഫോണിൽ പൂർണമായി ചാർജ് കയറിയതിനുശേഷവും സ്വിച്ച് ഓണായിത്തന്നെ കിടന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. മുത്തുലക്ഷ്മിയുടെ ഭർത്താവ് ബാലകൃഷ്ണൻ മാസങ്ങളോളമായി ഇവരോടൊപ്പമില്ലെന്ന് പരിസരവാസികൾ പറഞ്ഞു.  മുത്തുലക്ഷ്മിയുടെ അമ്മയും അച്ഛനും ഇവരോടൊപ്പം താമസിച്ചിരുന്നു. 

എന്നാൽ, ലോക്ഡൗണിനെ തുടർന്ന് മാതാപിതാക്കൾ അവരുടെ സ്വന്തം വീട്ടിലേക്ക് പോയി. എതാനും ആഴ്ചകളായി മുത്തുലക്ഷ്മിയും കുട്ടികളും മാത്രമാണിവിടെ താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com