ആരാണ് ധൈര്യശാലി എന്ന ചേട്ടന്റെ വെല്ലുവിളി ഏറ്റെടുത്തു, 23-ാം നിലയില്‍ തട്ടിലൂടെ മൂന്ന് തവണ നടന്ന് 14കാരിയുടെ അതിസാഹസികത; ഞെട്ടി നഗരം 

തമിഴ്‌നാട്ടില്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റെ 23-ാം നിലയുടെ തട്ടിലൂടെ 14കാരി നടക്കുന്നതിന്റെ വീഡിയോ വൈറല്‍
ആരാണ് ധൈര്യശാലി എന്ന ചേട്ടന്റെ വെല്ലുവിളി ഏറ്റെടുത്തു, 23-ാം നിലയില്‍ തട്ടിലൂടെ മൂന്ന് തവണ നടന്ന് 14കാരിയുടെ അതിസാഹസികത; ഞെട്ടി നഗരം 

ചെന്നൈ: തമിഴ്‌നാട്ടില്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റെ 23-ാം നിലയുടെ തട്ടിലൂടെ 14കാരി നടക്കുന്നതിന്റെ വീഡിയോ വൈറല്‍. ആരാണ് കൂടുതല്‍ ധൈര്യശാലി എന്ന ചേട്ടന്റെ വെല്ലുവിളി ഏറ്റെടുത്താണ് ഒന്‍പതാം ക്ലാസുകാരി സാഹസികതയ്ക്ക് മുതിര്‍ന്നത്. സംഭവത്തില്‍ സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ട് റെസിഡന്റ്‌സ് അസോസിയേഷന് പൊലീസ് നോട്ടീസ് അയച്ചു.

ചെന്നൈയ്ക്ക് സമീപമുളള കേളാമ്പക്കത്തുളള അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് സംഭവം. കോംപ്ലക്‌സിന്റെ 23-ാം നിലയിലെ തട്ടിലൂടെ 14കാരി നടക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. നടന്നുപോകുന്നതിനിടെ ഒന്‍പതാം ക്ലാസുകാരി ഒച്ചവെച്ച് നടുക്കം രേഖപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. മൂന്ന് തവണയാണ് ഇവര്‍ കെട്ടിടത്തിന്റെ പുറത്തേയ്ക്ക് തളളിനില്‍ക്കുന്ന തട്ടിലൂടെ നടന്നത്. ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് 14കാരിയുടെ അതി സാഹസികത.

സംഭവം വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അപ്പാര്‍ട്ട്‌മെന്റില്‍ എത്തി അന്വേഷണം ആരംഭിച്ച പൊലീസിനോട് കുട്ടിയുടെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് സെക്യൂരിറ്റി സ്റ്റാഫ്, മറ്റു വീട്ടുകാര്‍ എന്നിവര്‍ക്കിടയില്‍ നടത്തിയ വിശദമായ അന്വേഷണത്തിലൂടെയാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്.

സഹോദരനുമായുളള പന്തയം ഏറ്റെടുത്തതാണ് പെണ്‍കുട്ടി ഇതിന് മുതിര്‍ന്നത്. ആരാണ് കൂടുതല്‍ ധൈര്യശാലി എന്ന സഹോദരന്റെ വെല്ലുവിളി പെണ്‍കുട്ടി ഏറ്റെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയായത് കൊണ്ട് കേസ് എടുക്കാതെ താക്കീത് നല്‍കി പൊലീസ് വിട്ടയച്ചു. തുടര്‍ന്ന് റെസിഡന്റ്‌സ് അസോസിയേഷന് പൊലീസ് നോട്ടീസ് നല്‍കി. വിവിധ നിലകളില്‍ തട്ടിലേയ്ക്ക് ആളുകള്‍ ഇറങ്ങുന്നത് തടയാന്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com