ഉച്ചഭക്ഷണത്തിനായി ഡ്രൈവര്‍ ആംബുലന്‍സ് നിര്‍ത്തിയിട്ടത് ഒന്നര മണിക്കൂര്‍; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ആംബുലന്‍സ് ഡ്രൈവറുടെ വീഴ്ച മൂലം അത്യാസന്നനിലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ആംബുലന്‍സ് ഡ്രൈവറുടെ വീഴ്ച മൂലം അത്യാസന്നനിലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി ഭക്ഷണം കഴിക്കാനായി ഒന്നര മണിക്കൂര്‍ നേരം ചെലവഴിച്ചതാണ് ഒരു വയസ്സുളള കുട്ടിയുടെ മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ കുട്ടി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയില്‍ കഴിഞ്ഞദിവസമാണ് ദാരുണമായ സംഭവം ഉണ്ടായത്. വയറിളക്കത്തിന് സമാനമായ രോഗലക്ഷണങ്ങളെ തുടര്‍ന്ന് പിആര്‍എം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഒരു വയസ്സുളള കുട്ടി. എന്നാല്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എസ്‌സിബി  മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഡ്രൈവറിന്റെ ഭാഗത്ത്് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി റോഡരികിലുളള ഡാബയില്‍ വാഹനം നിര്‍ത്തിയ ഡ്രൈവറും ഫാര്‍മസിസ്റ്റും അനാവശ്യമായി സമയം ചെലവഴിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഉടന്‍ തന്നെ തിരികെ വരാമെന്ന് പറഞ്ഞ് വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഇരുവരും ഒന്നരമണിക്കൂര്‍ കഴിഞ്ഞാണ് തിരിച്ചെത്തിയത്. അതിനിടെ കുട്ടിയുടെ ജീവന്‍ നഷ്ടമായതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമായിരുന്നുവെന്ന് കുട്ടിയുടെ അമ്മാവന്‍ പറയുന്നു.

ഭക്ഷണം കഴിച്ച് ഡ്രൈവറും ഫാര്‍മസിസ്റ്റും തിരിച്ച് എത്തിയ ശേഷം കട്ടക്കിലേക്ക് യാത്ര തുടരുന്നതിനിടെ, കുട്ടിയുടെ നില വഷളായി. അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കുപിതരായ ബന്ധുക്കള്‍ ഡ്രൈവറെയും ഫാര്‍മസിസ്റ്റിനെയും ആക്രമിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com