ബംഗളൂരു സംഘര്‍ഷം, എസ്ഡിപിഐ നേതാവ് അറസ്റ്റില്‍; അക്രമം ഗൂഢാലോചനയെന്ന് മന്ത്രി 

വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍
ബംഗളൂരു സംഘര്‍ഷം, എസ്ഡിപിഐ നേതാവ് അറസ്റ്റില്‍; അക്രമം ഗൂഢാലോചനയെന്ന് മന്ത്രി 

ബംഗളൂരു : വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍.  മൂന്ന് പേരുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ സംഘര്‍ഷത്തില്‍ എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷയാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐയുടെ ഗൂഢാലോചനയെന്ന് മന്ത്രി സി ടി രവി മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷ ഉള്‍പ്പെടെ 110 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കലാപത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നതായി മന്ത്രി സിടി രവി ആരോപിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. 300 ഓളം വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. എംഎല്‍എയുടെ വീടിന് വരെ ആക്രമണം ഉണ്ടാകുന്ന സ്ഥിതിയുണ്ടായി. സംഭവത്തെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇത് ഒരു സംഘടിതമായ ആക്രമണമായാണ് കാണുന്നത്. എസ്ഡിപിഐയാണ് ഇതിന് പിന്നിലെന്നും രവി ആരോപിച്ചു.

അതേസമയം കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെയ്പിലാണ് മരണം. 60 ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരിക്കേറ്റു. പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രാത്രി 8 മണിയോടെ എംഎല്‍എയുടെ കാവല്‍ബൈരസന്ദ്രയിലെ വീടിനു നേര്‍ക്ക് പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. വീട്ടിന് മുന്നിലുണ്ടായിരുന്ന വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. 

തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസിനു നേരെ തിരിഞ്ഞു. കാവല്‍ബൈരസന്ദ്ര, ഭാരതിനഗര്‍, താനറി റോഡ് എന്നിവിടങ്ങളിലായി പതിനഞ്ചിലേറെ വാഹനങ്ങള്‍ക്കു തീവച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും, തുടര്‍ന്ന് വെടിവെക്കുകയുമായിരുന്നു. 

അക്രമികള്‍ 24 നാലുചക്രവാഹനങ്ങളും 200 ലേറെ ഇരുചക്രവാഹനങ്ങളും തീവെച്ചുനശിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. പൊലീസ് സ്‌റ്റേഷനുകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞയും ഡിജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. 

സംഭവത്തില്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയെ വിളിച്ച് കലാപം കര്‍ശനമായി നേരിടാന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടേണ്ടി വരുമെന്ന് മന്ത്രി ബൊമ്മെ മുന്നറിയിപ്പ് നല്‍കി. 

കലാപത്തിന് ഇടയാക്കിയ വിവാദ പോസ്റ്റ് ഇട്ട എംഎല്‍എയുടെ ബന്ധു പി നവീനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് നവീന്‍ പൊലീസിനോട് പറഞ്ഞത്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും, സമാധാനം പാലിക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തി അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com