രക്തസ്രാവത്തെത്തുടര്‍ന്ന് അപകടാവസ്ഥയില്‍ ഗര്‍ഭിണി ; രക്ഷകനായി എംഎല്‍എ ; അടിയന്തര സിസേറിയന്‍ ശസ്ത്രക്രിയ

200 കിലോമീറ്ററോളം ദൂരമുണ്ട് ഐസ്വാളിലേക്ക്. 10 മണിക്കൂറോളം യാത്ര ചെയ്യണം
രക്തസ്രാവത്തെത്തുടര്‍ന്ന് അപകടാവസ്ഥയില്‍ ഗര്‍ഭിണി ; രക്ഷകനായി എംഎല്‍എ ; അടിയന്തര സിസേറിയന്‍ ശസ്ത്രക്രിയ

ഗുവാഹത്തി : രക്തസ്രാവത്തെത്തുടര്‍ന്ന് ജീവന്‍ തന്നെ അപകടത്തിലായ ഗര്‍ഭിണിയ്ക്കും കുഞ്ഞിനും രക്ഷകനായി എംഎല്‍എ. അടിയന്തര സിസേറിയന്‍ ശസ്ത്രക്രിയ നടത്തിയാണ് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ചത്. എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. 

മിസോറാമിലെ മ്യാന്മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ലാല്‍മാന്‍ഗായ്‌സാംഗി എന്ന യുവതിയാണ് പ്രസവവേദനയും രക്തസ്രാവവുംമൂലം അപകടാവസ്ഥയിലായത്. ജില്ലാ ആശുപത്രിയിലെ ഏക ഗൈനക്കോളജി ഡോക്ടറാകട്ടെ, അസുഖം ബാധിച്ചതിനെ തുടര്‍ന്ന് അവധിയിലുമായിരുന്നു. 

ഇതോടെ വിദഗ്ധ ചികില്‍സയ്ക്കായി ഐസ്വാളിലേക്ക് എത്തിക്കേണ്ട അവസ്ഥയായി. 200 കിലോമീറ്ററോളം ദൂരമുണ്ട് ഐസ്വാളിലേക്ക്. 10 മണിക്കൂറോളം യാത്ര ചെയ്യണം. ഇത്രയും യാത്ര ചെയ്യാനുള്ള ശാരീരികാവസ്ഥയിലുമായിരുന്നില്ല യുവതി. 

വിവരം അറിഞ്ഞ ചംപായി നോര്‍ത്തിലെ മിസോ നാഷണല്‍ ഫ്രണ്ട് എംഎല്‍എ ഡോ. ഇസഡ് ആര്‍ തിയാംസാങ്ക ഉടന്‍ ആശുപത്രിയിലെത്തി. 30 വര്‍ഷത്തോളം ഗൈനക്കോളജിസ്റ്റായി ജോലി ചെയ്ത ഡോ. തിയാംസാങ്ക അടിയന്തരമായി ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 

യുവതിയുടെ അവസ്ഥ ഏറെ അപകടകമായിരുന്നു. ഐസ്വാളിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ അത്രയും ദൂരം യുവതി എത്തില്ലായിരുന്നു. അമ്മയും കുഞ്ഞും മരിക്കുമായിരുന്നു എന്ന് ഡോ. തിയാംസാങ്ക പറഞ്ഞു. 

ഇത് ദൈവത്തിന്റെ പദ്ധതിയാണ്. യുവതി ഭാഗ്യവതിയാണ്. ഞാനും ഭാഗ്യവാനാണ്, അതാണ് ഈ നിര്‍ണായക സമയത്ത് ഇവിടെ ഉണ്ടാകാന്‍ സാധിച്ചത് എന്നും ഡോ. തിയാംസാങ്ക പറഞ്ഞു. അമ്മയും കുട്ടിയും ഇപ്പോള്‍ സുഖമായിരിക്കുന്നു എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ കൂടിയാണ് ഡോ. തിയാംസാങ്ക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com